Asianet News MalayalamAsianet News Malayalam

ബിഷപ്പിനെതിരായ ബലാത്സംഗക്കേസിൽ ഫൊറൻസിക് രേഖകളിൽ വൈരുദ്ധ്യം, ദുരൂഹത

ബിഷപ്പും ഇരയായ കന്യാസ്ത്രീയും തമ്മിലുള്ള ഫോൺ രേഖകളെക്കുറിച്ച് ഫൊറൻസിക് ലാബിൽ നിന്നും കോടതിക്കും അന്വേഷണ ഉദ്യോഗസ്ഥനും നൽകിയത് വ്യത്യസ്ത രേഖകൾ. 

rape case against bishop franco contradictions in the forensic reports given to court and police
Author
Kottayam, First Published Jul 26, 2019, 8:56 PM IST

കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ ബലാത്സംഗക്കേസിൽ ഫൊറൻസിക് തെളിവുകളിൽ വൈരുദ്ധ്യം കണ്ടെത്തി. ബിഷപ്പും ഇരയായ കന്യാസ്ത്രീയും തമ്മിലുള്ള ഫോൺ രേഖകളെക്കുറിച്ച് തിരുവനന്തപുരം ഫൊറൻസിക് ലാബിൽ നിന്നും കോടതിക്കും അന്വേഷണ ഉദ്യോഗസ്ഥനും നൽകിയത് വ്യത്യസ്ത രേഖകളാണ്. പാലാ സെഷൻസ് കോടതി ഡിവിഡി പരിശോധിച്ചപ്പോഴാണ് വ്യത്യാസം കണ്ടെത്തിയത്. ഇതെന്തുകൊണ്ടാണെന്ന് ചോദിച്ച പാലാ സെഷൻസ് കോടതി, ഇവിടെ നൽകിയ രേഖകൾ തന്നെ അന്വേഷണ ഉദ്യോഗസ്ഥനും നൽകാൻ നിർദേശവും നൽകി.

ബിഷപ്പും ഇരയായ കന്യാസ്ത്രീയും തമ്മിൽ സംസാരിച്ച ഫോൺ രേഖകൾ കേസിലെ ഒരു പ്രധാന തെളിവാണ്. ഇരുവരും തമ്മിൽ സംസാരിച്ച ഫോൺ രേഖകളിലുള്ളത് ബിഷപ്പിന്‍റെ തന്നെ ശബ്ദമാണോ എന്നതടക്കം ഫൊറൻസിക് പരിശോധനയ്ക്ക് വിധേയമാകും. ഇത് പരിശോധിച്ച തിരുവനന്തപുരത്തെ ഫൊറൻസിക് ലാബ്, പരിശോധനാ രേഖകൾ സീൽ വച്ച കവറിൽ പാലാ സെഷൻസ് കോടതിയിൽ നൽകിയിരുന്നു. മറ്റൊരു സീൽ വച്ച കവറിൽ രേഖകൾ അന്വേഷണ ഉദ്യോഗസ്ഥനും കൈമാറി. എന്നാൽ ഇത് രണ്ടും രണ്ട് രേഖകളാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കോടതിയിൽ നൽകിയിരിക്കുന്ന ഡിവിഡിയിൽ മൂന്ന് ഫോൾഡറുകളുണ്ട്. അന്വേഷണ ഉദ്യോഗസ്ഥന് നൽകിയിരിക്കുന്ന രേഖയിൽ ആകെ രണ്ട് ഫോൾഡറുകളേയുള്ളൂ. ഫൊറൻസിക് ലാബിന്‍റെ ഭാഗത്തു നിന്നുണ്ടായ ടെക്നിക്കൽ വീഴ്‍ചയാണോ അതോ മനഃപൂർവം രേഖകൾ മാറ്റി നൽകിയതാണോ എന്ന് വ്യക്തമല്ല. 

കഴിഞ്ഞ രണ്ട് മാസമായി ബിഷപ്പിനെതിരായ ബലാത്സംഗക്കേസിൽ കാര്യമായ വാദങ്ങൾ നടന്നിരുന്നില്ല. ഫോൺ രേഖകളടക്കമുള്ള തെളിവുകൾ നൽകണമെന്നും ഇതിന് ശേഷമേ വാദം നടത്താവൂ എന്നും പ്രതിഭാഗം വാദിച്ചതിനാൽ നാല് തവണയാണ് വാദം മാറ്റിവച്ചത്. ഏറ്റവുമൊടുവിൽ ഫോൺരേഖകൾ പ്രതിഭാഗത്തിന് നൽകാൻ പ്രോസിക്യൂഷൻ തയ്യാറായത്. ഇതിന് മുമ്പ് അന്വേഷണ ഉദ്യോഗസ്ഥന്‍റെ കയ്യിലുള്ള രേഖകളും കോടതിയുടെ കയ്യിലുള്ള രേഖകളും ഒത്തുനോക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടതാണ് ഈ കണ്ടെത്തലിലേക്ക് നയിച്ചത്. 

Follow Us:
Download App:
  • android
  • ios