ഫ്ലാറ്റിന്‍റെ പാര്‍ക്കിംഗ് ഏരിയയിലുള്ള സിസിടിവി കേന്ദ്രീകരിച്ച് നടന്ന അന്വേഷണമാണ് സംഭവത്തില്‍ വലിയ ട്വിസ്റ്റായത്. പുലര്‍ച്ചെ 2.55 ഓടെ ഒരാള്‍ പാര്‍ക്കിംഗ് ഏരിയിലേക്ക് പോകുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു
ഇന്‍ഡോര്‍: ഒരു പെണ്‍കുട്ടി പ്രണയം നിഷേധിച്ചതിനുള്ള യുവാവിന്‍റെ പകയില്‍ വെന്തമര്‍ന്നത് നിരപരധികളായ ഏഴ് പേരുടെ ജീവന്‍. ഇന്‍ഡോറിലുണ്ടായ ദുരന്തം രാജ്യത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമുണ്ടായ തീപിടിത്തമെന്ന് ആദ്യം വിലയിരുത്തിയ അപകടത്തിന്‍റെ അന്വേഷണം അവസാനിച്ചത് ഒരു ശുഭം ദീക്ഷിത് (സഞ്ജയ് ദീക്ഷിത് - 27) എന്ന യുവാവിന്‍റെ കടുത്ത പകയുടെ ഞെട്ടിക്കുന്ന കഥകളിലാണ്. ബുധനാഴ്ച പുലര്‍ച്ചെയാണ് മധ്യപ്രദേശ് ഇന്‍ഡോറിലെ വിജയ് നഗറിനെ നടുക്കിയ സംഭവമുണ്ടായത്.
റസിഡന്‍ഷ്യല്‍ ഏരിയയിലെ മൂന്ന് നില ഫ്ലാറ്റുകളിലൊന്നിന് തീപിടിക്കുയായിരുന്നു. പാര്‍ക്കിംഗ് ഏരിയയില്‍ നിന്ന് മൂന്ന് നിലകളിലേക്ക് ആളിപടര്‍ന്ന തീയില്‍ വെന്തമര്‍ന്നത് ഏഴ് പേരാണ്. സ്ത്രീകളും കുട്ടികളും വൃദ്ധരുമൊക്കെ ഇരകളായി. പുലര്‍ച്ചെ മൂന്ന് മണിക്കായിരുന്നു തീപിടിത്തമെന്നതിനാല്‍ ആര്‍ക്കും ഓടി രക്ഷപ്പടാനായില്ല. പുക ശ്വസിച്ച് ശ്വാസം മുട്ടിയും ആഴത്തില്‍ പൊള്ളലേറ്റുമുള്ള മരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. പരിക്കേറ്റ ഒമ്പത് പേരില്‍ മൂന്ന് പേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. അപകടത്തിന്‍റെ കാരണം പതിവ് പോലെ ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് കരുതിയ പൊലീസിനെ യഥാര്‍ത്ഥ കാരണം ഞെട്ടിച്ചു.
ട്വിസ്റ്റായത് സിസിടിവി കേന്ദ്രീകരിച്ച് നടന്ന അന്വേഷണം
ഫ്ലാറ്റിന്‍റെ പാര്‍ക്കിംഗ് ഏരിയയിലുള്ള സിസിടിവി കേന്ദ്രീകരിച്ച് നടന്ന അന്വേഷണമാണ് സംഭവത്തില്‍ വലിയ ട്വിസ്റ്റായത്. പുലര്‍ച്ചെ 2.55 ഓടെ ഒരാള്‍ പാര്‍ക്കിംഗ് ഏരിയിലേക്ക് പോകുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. പിന്നീട് തീ ആളിപടരുന്നതും കാണാം. സിസിടിവി തകര്‍ക്കാനും ഇയാള്‍ ശ്രമം നടത്തി. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ സിസിടിവിയില്‍ കണ്ടത് ഉത്തര്‍ പ്രദേശ് സ്വദേശി സഞ്ജയ് ദീക്ഷിത് എന്ന യുവാവാണെന്ന് മനസിലാക്കാനായി.
ബുധനാഴ്ച രാത്രി തന്നെ ഇയാളെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലിലാണ് തീപിടിത്തത്തിന് പിന്നിലെ കാരണം മറനീക്കി പുറത്ത് വന്നത്. ഫ്ലാറ്റില്‍ താമസിക്കുന്ന ഒരു പെണ്‍കുട്ടിയുമായി സഞ്ജയ് അടുപ്പത്തിലായിരുന്നു. സാമ്പത്തികമായും അവരെ സഹായിച്ചു. എന്നാല്‍ പിന്നീട് മറ്റൊരാളുമായി പെണ്‍കുട്ടിയുടെ വിവാഹം നിശ്ചയിച്ചു. ഇതോടെ പകയായി. നല്‍കിയ പണം തിരികെ ചോദിച്ചു. കിട്ടാതായതോടെ പെണ്‍കുട്ടിയെ നിരന്തരം ശല്യം ചെയ്യാന്‍ തുടങ്ങി. പക മൂത്താണ് പെണ്‍കുട്ടിയുടെ സ്കൂട്ടര്‍ കത്തിക്കാന്‍ തീരുമാനിച്ചത്. അങ്ങനെയാണ് വിജയ് നഗറിലെ ഫ്ലാറ്റിന്‍റെ പാര്‍ക്കിംഗ് ഏരിയയിലെത്തിയതും സ്കൂട്ടറിന് തീയിട്ടതും.
എന്നാല്‍ സ്കൂട്ടറില്‍ നിന്ന് മറ്റ് വാഹനങ്ങളിലേക്കും തുടര്‍ന്ന് ഫ്ലാറ്റിലേക്കും തീ ആളിപ്പടരുകയായിരുന്നു. അങ്ങനെ ആ പകയിലൊടുങ്ങിയത് നിരപരാധികളായ ഏഴ് പേരുടെ ജീവനാണ്. പെണ്‍കുട്ടിയേയും അമ്മയേയും ഫ്ലാറ്റില്‍ നിന്ന് രക്ഷപ്പെടുത്താനായി. പ്രതിക്കെതിരെ കൊലപാതക കുറ്റം ചുമത്തി അറസ്റ്റ് രേഖപ്പെടുത്തി. മരിച്ചവരുടെ കുംടംബത്തിന് സര്‍ക്കാര്‍ നാല് ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്.
