വയനാട്: ബത്തേരിയില്‍ പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടി ബന്ധുവിന്‍റെ പീഢനത്തിനിരയായി. വനത്തിനുള്ളിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി കത്തികാട്ടി ഭീഷണിപ്പെടുത്തി വാ മൂടിക്കെട്ടിയായിരുന്നു പീഢനം. പ്രതിക്കെതിരെ പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു. രാവിലെ വനാതിർത്തിയിലൂടെ പോവുകയായിരുന്ന പെൺകുട്ടിയെ ബന്ധു ബലമായി പിടിച്ചുകൊണ്ടുപോവുകയായിരുന്നു.

പെൺകുട്ടിയെ ഏറെനേരമായിട്ടും കാണാഞ്ഞ മാതാപിതാക്കള്‍ പരാതി നല്‍കിയതിനെതുടർന്ന് പൊലീസ് വനത്തിനുള്ളില്‍ തിരച്ചിലാരംഭിച്ചു. ഉച്ചയോടെയാണ് പെൺകുട്ടിയെ കണ്ടെത്താനായത്. പൊലീസിനെ കണ്ട പ്രതി വനത്തിനുള്ളിലേക്ക് ഓടിയൊളിച്ചു. ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. പെൺകുട്ടിയുടെ അമ്മയുടെ അനുജത്തിയുടെ ഭർത്താവാണ് പ്രതി. 

ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെൺകുട്ടിക്ക് ചികിത്സ നല്‍കി. പെൺകുട്ടി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതിക്കെതിരെ ബലാല്‍സംഗക്കുറ്റം ചുമത്തി ബത്തേരി പൊലീസ് കേസെടുത്തു. മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്തി പോക്സോ വകുപ്പുകളും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്.