ദില്ലി: പിതൃസഹോദരന്‍ നല്‍കിയ ക്വട്ടേഷനില്‍  ദില്ലി ഷാക്കർപൂരിലെ വീടിനുള്ളില്‍ കളിച്ചുകൊണ്ടിരുന്ന നാല് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. അമ്മയുടെ സാഹസിക  ഇടപെടലില്‍ കുട്ടിയെ രക്ഷപ്പെടുത്തി. ഇന്നലെ വൈകുന്നേരമാണ്  നാടകീയ സംഭവം. വീടിനുള്ളിൽ കളിച്ചു കൊണ്ടിരുന്ന കുട്ടിയെ ബൈക്കിലെത്തിയ രണ്ട് പേരാണ് തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. നിലവിളിച്ച് ഓടിയെത്തിയ കുട്ടിയുടെ അമ്മ പ്രതികളില്‍ നിന്ന് കുട്ടികളെ രക്ഷപ്പെടുത്തുകയായിരുന്നു. തുടർന്ന് കുട്ടിയുടെ അമ്മയെ തള്ളിയിട്ട് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ അയൽവാസികൾ ഗതാഗത തടസ്സുമുണ്ടാക്കി തടയാൻ ശ്രമിച്ചെങ്കിലും പ്രതികള്‍ രക്ഷപ്പെട്ടു.

സംഭവം അറിഞ്ഞെത്തിയ പൊലീസ് ഇവരെത്തിയ വാഹനം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് രണ്ടു പേരെ പിടികൂടിയത്. പ്രതികളിൽ ഒരാൾ കുട്ടിയുടെ അച്ഛന്റെ ഇളയ സഹോദരനാണ്. വീട് വിട്ട് കഴിയുകയായിരുന്ന ഇയാൾ കുട്ടിയെ തട്ടിക്കൊണ്ടു പോയി പണം ആവശ്യപ്പെടാനാണ്  പദ്ധതിയിട്ടത്. ഇയാളുടെ സഹായിയെയും പൊലീസ് പിടികൂടി. ഇയാൾക്ക് ഒരു ലക്ഷം രൂപയ്കക്കാണ് പിത്യസഹോദരൻ ക്വട്ടേഷൻ നൽകിയത്. സംഭവത്തിൽ  ഒരാൾ കൂടി പിടിയിലാകാനുണ്ടെന്ന് ദില്ലി പൊലീസ് അറിയിച്ചു.