അമേഠി: മോഷണം തടയാൻ ശ്രമിച്ച വിരമിച്ച സൈനികനെ ആറ് പേർ ചേർന്ന് തല്ലിക്കൊന്നു. കരസേനയിൽ നിന്ന് ക്യാപ്റ്റനായി വിരമിച്ച 65 കാരനായ അമാനുള്ളയാണ് കൊല്ലപ്പെട്ടത്. ഗോദിയൻ കാ പുർവ ഗ്രാമത്തിലെ തന്റെ വസതിയിൽ ഇന്നലെ പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം.

ഭാര്യ അമീനയ്ക്ക് ഒപ്പം വീട്ടിനകത്ത് ഉറങ്ങുകയായിരുന്ന ഇദ്ദേഹം പുറത്ത് ആളനക്കം കേട്ടാണ് ഉണർന്നത്. മോഷ്ടാക്കളാണെന്ന് തിരിച്ചറിഞ്ഞ ഉടൻ അയൽവാസികളെ വിളിച്ചുണർത്താൻ അമാനുള്ള ശ്രമിച്ചു. എന്നാൽ മോഷ്ടാക്കൾ വടിയും മറ്റ് ആുധങ്ങളുമായി ഇദ്ദേഹത്തെ ആക്രമിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അദ്ദേഹം ആശുപത്രിയിലെത്തും മുൻപ് മരണപ്പെട്ടു.

അമാനുള്ളയെ കൊലപ്പെടുത്തിയ ശേഷം സാധനങ്ങൾ മോഷ്ടിച്ചാണ് അക്രമികൾ പോയത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. അന്വേഷണം ആരംഭിച്ചതായി യുപി പൊലീസ് ഇൻസ്‌പെക്ടർ പ്രഹ്ലാദ് സിംഗ് പറഞ്ഞു. ഐപിസി സെക്ഷൻ 302 പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.