ദില്ലി:സേനാംഗങ്ങളുടെ ക്ഷേമ പ്രവര്‍ത്തന മേഖലയില്‍ സജീവമായ സൈനിക് വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്‍റെ പേരില്‍ വന്‍ തട്ടിപ്പ് നടത്തിയതിന് വിരമിച്ച സൈനികന്‍ അറസ്റ്റില്‍. എസ് ഡബ്ല്യുഒയുടെ പേരില്‍ എന്‍ജിഒയില്‍ പണം നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടായിരുന്നു തട്ടിപ്പ്.  88 ലക്ഷം രൂപയുടെ തട്ടിപ്പിനാണ് രാകേഷ് റാണ എന്ന മുന്‍ സേനാംഗം പിടിയിലായത്.

ജാര്‍ഖണ്ഡിലെ ബൊക്കാറോയില്‍ വീട് വയ്ക്കാന്‍ ഉചിതമായ പ്ലോട്ടുകള്‍ നല്‍കാമെന്നായിരുന്നു എസ് ഡബ്ല്യു ഒ യുടെ പേരില്‍ ഇയാള്‍ നല്‍കിയ വാഗ്ദാനം. പണം നിക്ഷേപിച്ചവര്‍ക്ക് ഇത് സംബന്ധിച്ച് സൈനിക് വെല്‍ഫെയര്‍ അസോസിയേഷന്‍റെ പേരിലുള്ള കത്തുകളും രസീതികളും നല്‍കിയെങ്കിലും സ്ഥലം ലഭിക്കാതെ വന്നതോടെയാണ് തട്ടിപ്പ് പുറത്തായത്.

നിക്ഷേപകരുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. ഇരുപത് ഏക്കര്‍ ഭൂമിയുടെ പേരില്‍ സൈനികനായിരുന്ന രാകേഷ് റാണ തട്ടിപ്പ് നടത്തുകയായിരുന്നെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. സ്ഥലത്തിന്റെ അനുമതി ലഭിച്ചതാണെന്നായിരുന്നു രാകേഷ് നിക്ഷേപകരായ സൈനികരെ ധരിപ്പിച്ചിരുന്നത്.

എന്നാല്‍ ഇയാള്‍ പണം നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ട കമ്പനിക്ക് സ്വന്തമായി ഭൂമിയോ മറ്റ് അനുമതികളോ ഉണ്ടായിരുന്നില്ലെന്നും ഇവ വിശദമാക്കി രാകേഷ് നിക്ഷേപകര്‍ക്ക് നല്‍കിയ വ്യാജ രേഖകളാണെന്നും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. ലെഫ്. കേണലായി വിരമിച്ച വ്യക്തിയാണ് രാകേഷ് റാണ.

എന്‍ജിഒയായി കമ്പനി നടത്തുന്നുണ്ടെന്നും ലാഭം എടുക്കാതെയാണ് കമ്പനിയുടെ പ്രവര്‍ത്തനം എന്നുമായിരുന്നു രാകേഷ് റാണ സൈനികരെ ധരിപ്പിച്ചിരുന്നത്. ദില്ലി ദ്വാരക സ്വദേശിയായ രാകേഷ് സമാനമായ കേസില്‍ നേരത്തെയും പിടിയിലായിട്ടുണ്ട്. എന്നാല്‍ ഈ കേസില്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇയാള്‍ ജാമ്യത്തിലിറങ്ങിയത്.