രോഹിത്തിനെ തലയണ വച്ച് ശ്വാസം മുട്ടിച്ച് കൊന്നതാകാം എന്നാണ് സംശയം. കൊലക്കുറ്റത്തിന് കേസ് രജിസ്റ്റ‌ർ ചെയ്ത് ക്രൈബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു.

ദില്ലി: എന്‍ ഡി തിവാരിയുടെ മകന്‍ രോഹിത് ശേഖര്‍ തിവാരിയുടെ മരണം കൊലപാതകമെന്ന് ദില്ലി പൊലീസ്. രോഹിത്തിന്‍റേത് അസ്വാഭാവിക മരണമാണെന്നാണ് പൊസ്റ്റ്‍മോർട്ടം റിപ്പോ‌‌ർട്ട്. തലയണ വച്ച് ശ്വാസം മുട്ടിച്ച് കൊന്നതാകാം എന്നാണ് സംശയം. മുൻ യുപി മുഖ്യമന്ത്രി എൻ ഡി തിവാരിയുടെ മകനായ രോ​ഹത്ത് ആറ് വ‌ർഷത്തോളം നിയമ പോരാട്ടം ന‌ടത്തിയാണ് പിതൃത്വം അം​ഗീകരിപ്പിച്ചത്.

നാൽപത് വയസുകാരനായ തിവാരി ഏപ്രിൽ പതിനാറാം തിയതിയാണ് മരിച്ചത്. ദില്ലിയിലെ ഡിഫന്‍സ് കോളനിയിലെ വസതിയിൽ താമസിച്ചിരുന്ന രോ​​​ഹിത്ത് ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചതെന്നായിരുന്നു ആദ്യ റിപ്പോ‌ർട്ട്. കൊലക്കുറ്റത്തിന് കേസ് രജിസ്റ്റ‌ർ ചെയ്ത് ക്രൈബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു.

എന്‍ ഡി തിവാരി, തന്‍റെ അച്ഛനാണെന്ന് തെളിയിക്കാന്‍ രോഹിത് നടത്തിയ നിയമപോരാട്ടം രാജ്യത്തിന്‍റെ ശ്രദ്ധ നേടിയിരുന്നു. പിതൃത്വം ആദ്യം നിഷേധിച്ച എന്‍ ഡി തിവാരിക്കെതിരെ രോഹിത് 2007 ല്‍ ദില്ലി ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം നടത്തിയ ഡിഎൻഎ പരിശോധനയില്‍ തിവാരി തന്നെയാണ് അഛനെന്ന് വ്യക്തമാകുകയായിരുന്നു. പിന്നീട് ഇക്കാര്യം പരസ്യമായി സമ്മതിച്ച തിവാരി, രോഹിതിന്‍റെ അമ്മ ഉജ്ജ്വലയെ വിവാഹം കഴിക്കുകയും ചെയ്തു. 2018ൽ എൻ ഡി തിവാരി അന്തരിച്ചു.