ചെന്നൈ: യുവാവിനെതിരെ വ്യാജ ബലാത്സംഗ പരാതി നല്‍കിയതിന് യുവതിയും കുടുംബവും 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി. സന്തോഷ് എന്ന യുവാവ് കോളേജ് വിദ്യാര്‍ത്ഥിയായിരിക്കെയാണ് അയല്‍വാസിയായ യുവതിയും കുടുംബവും ബലാത്സംഗ പരാതിയുമായി എത്തുന്നത്. തുടര്‍ന്ന് ഏഴ് വര്‍ഷം കേസിന് പിന്നാലെ പോയി. ഒടുവില്‍ യുവതിക്ക് ജനിച്ച കുട്ടിയുടെ ഡിഎന്‍എ പരിശോധിച്ചപ്പോള്‍ പിതാവ് യുവാവല്ലെന്ന് തെളിഞ്ഞതോടെയാണ് വെറുതെ വിട്ടത്. തുടര്‍ന്ന് നഷ്ടപരിഹാരം തേടി കോടതിയെ സമീപിച്ചു.  ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

30 ലക്ഷം നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ടാണ് യുവാവ് കേസ് ഫയല്‍ ചെയ്തത്. യുവതി, യുവതിയുടെ മാതാപിതാക്കള്‍ കേസ് അന്വേഷിച്ച ഇന്‍സ്‌പെക്ടര്‍ എന്നിവര്‍ നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു ആവശ്യം. വ്യാജ പരാതി തന്റെ ജീവിതം ഇല്ലാതാക്കിയെന്ന് യുവാവ് ആരോപിച്ചു. യുവാവും യുവതിയും അയല്‍വാസികളായിരുന്നു. സന്തോഷിന്റെയും യുവതിയുടെ വിവാഹം വീട്ടുകാര്‍ ഉറപ്പിക്കുകയും ചെയ്തു. എന്നാല്‍, പിന്നീട് സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് വിവാഹം മുടങ്ങി. സന്തോഷും കുടുംബവും മറ്റൊരിടത്തേക്ക് താമസം മാറി. സന്തോഷ് ബിടെക്കിന് ചേര്‍ന്ന സമയത്താണ് യുവതി ഗര്‍ഭിണിയായത്.

സന്തോഷാണ് മകളുടെ ഗര്‍ഭത്തിനുത്തരവാദിയെന്നും വിവാഹം കഴിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. സന്തോഷും കുടുംബവും ആവശ്യം നിരസിച്ചതോടെ ഇവര്‍ ബലാത്സംഗ പരാതിയുമായി പൊലീസിനെ സമീപിച്ചു. അറസ്റ്റിലായ സന്തോഷ് 95 ദിവസം കസ്റ്റഡിയില്‍ കിടന്നു. യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കി. ഡിഎന്‍എ പരിശോധനയില്‍ കുട്ടിയുടെ പിതാവ് സന്തോഷല്ലെന്ന് തെളിഞ്ഞതോടെ 2016 ഫെബ്രുവരിയില്‍ സന്തോഷിനെ ചെന്നൈയിലെ മഹിളാ കോടതി വെറുതെ വിട്ടു.