Asianet News MalayalamAsianet News Malayalam

ശരവണഭവന്‍ രാജഗോപാല്‍; സിനിമയെ വെല്ലുന്ന ട്വിസ്റ്റുകളും ക്ലൈമാക്സും നിറഞ്ഞ ജീവിതം

ഒറ്റമുറിയില്‍നിന്ന് തുടങ്ങി കോടികളുടെ അധിപനായ, ജ്യോതിഷികളുടെ ഉപദേശത്തെ തുടര്‍ന്ന് സ്വന്തം ജീവിതം മാറ്റിയെഴുതിയ, ചെറിയ പെണ്‍കുട്ടികളെ പ്രാപിച്ചാല്‍ വാര്‍ധക്യം വിട്ടുനില്‍ക്കുമെന്ന് വിശ്വസിച്ച, വന്‍സ്രാവെന്ന് മാധ്യമങ്ങള്‍ വാഴ്ത്തിയ രാജഗോപാല്‍ ഒരു പെണ്‍കുട്ടിക്ക് മുന്നില്‍ തോറ്റ് മരണത്തിന് കീഴടങ്ങിയിരിക്കുകയാണ്

saravana bhavan Rajagopal, the cinematic life
Author
Chennai, First Published Jul 18, 2019, 1:09 PM IST

സിനിമാകഥയെ വെല്ലുന്ന ട്വിസ്റ്റുകളും ക്ലൈമാക്സും നിറ‌ഞ്ഞതായിരുന്നു മരിച്ച ശരവണഭവന്‍  ഉടമ പി. രാജഗോപാലിന്‍റെ ജീവിതം. ബ്രാഹ്മണര്‍ മാത്രം കുത്തകയാക്കിവെച്ച വെജിറ്റേറിയന്‍ ഭക്ഷണ മേഖലയിലേക്ക് കീഴ്ജാതിക്കാരനായ രാജാഗോപാല്‍ നടന്നുകയറിയതുമുതല്‍ അയാള്‍ ജാതകം മാറ്റിയെഴുതി. കച്ചവടത്തില്‍ വെച്ചടിവെച്ചടി കയറ്റമായിരുന്നു. ഒറ്റമുറിക്കടയില്‍നിന്ന് തുടങ്ങിയ ശരവണഭവന്‍ ആദ്യം ചെന്നൈയിലും പിന്നീട് രാജ്യത്താകമാനം ഒരു ബ്രാന്‍റിന്‍റെ പേരായി മാറിയതില്‍ രാജഗോപാലിന്‍റെ കഠിനാധ്വാനമുണ്ടായിരുന്നു. അങ്ങനെ, പിന്നില്‍നിന്ന് കയറിവന്ന് വിജയം വെട്ടിപ്പിടിച്ച ജീവിതം ആത്മകഥയാക്കിയപ്പോള്‍ പേരിട്ടത് വെട്രി മീത് ആസൈ വൈത്തേൻ അതുകൊണ്ട് തന്നെ.  

ജ്യോതിഷികളുടെ ഉപദേശം മാറ്റമറിച്ച ജീവിതം 

തന്‍റെ വിജയത്തിന് പിന്നില്‍ കഠിനാധ്വാനത്തേക്കാള്‍ ജ്യോതിഷത്തിന് പ്രാധാന്യം കൊടുത്തതോടെയാണ് രാജഗോപാല്‍ പോലുമറിയാതെ അയാളുടെ വീഴ്ച ആരംഭിക്കുന്നത്. തന്‍റെ വിജയത്തിന്‍റെ ചവിട്ടുപടികളാണെന്ന് കരുതിയ ജ്യോതിഷികളുടെ പ്രവചനങ്ങള്‍ പതിയെ അയാള്‍ക്ക് കുരുക്കായി മാറുകയായിരുന്നു. 
പലചരക്ക് കടക്കാരനായി തുടങ്ങിയ രാജഗോപാല്‍ ജ്യോതിഷിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഹോട്ടല്‍ മേഖലയില്‍ കൈവെക്കുന്നത്. ചെന്നൈയിലെ കാമാച്ചി ഭവൻ എന്ന ചെറിയ ഭക്ഷണശാല ഏറ്റെടുത്ത് ശരവണ ഭവൻ എന്ന് പേരിട്ടായിരുന്നു തുടക്കം. തുടക്കത്തില്‍ നഷ്ടമായിരുന്നെങ്കിലും രാജഗോപാല്‍ പ്രതീക്ഷ വൈവിട്ടില്ല. ഗുണനിലവാരത്തിലും വൃത്തിയിലും വിട്ടുവീഴ്ചയില്ലാതെ വിലയില്‍ വിട്ടുവീഴ്ച ചെയ്തതോടെ പതിയെ പിടിച്ചുകയറി. അതോടൊപ്പം തൊഴിലാളികളെ മാന്യമായി കൈകാര്യം ചെയ്തു. പിന്നീട് റോക്കറ്റ് കണക്കെയായിരുന്നു വളര്‍ച്ച.

രാജ്യത്താകമാനം 30 ബ്രാഞ്ചുകള്‍. അമേരിക്കയിലെ മാന്‍ഹാട്ടനിലും ബ്രാഞ്ച് തുറന്നു. 47 ബ്രാഞ്ചുകളോടെ അന്താരാഷ്ട്രതലത്തിലും മുദ്രപതിപ്പിച്ചു. പിന്നീട് വെജിറ്റേറിയനെന്നാല്‍ ശരവണഭവന്‍ എന്നായി പര്യായം. ഇഡ്ഡലിയിലും മസാല ദോശയുമാണ് പ്രധാന വിഭവങ്ങള്‍. ഫ്രിഡ്ജ് ഉപയോഗിച്ചിരുന്നില്ല.  കൈവന്ന നേട്ടമെല്ലാം ദൈവാനുഗ്രഹവും ജ്യോതിഷികളുടെ സഹായത്താലുമാണെന്ന് രാജഗോപാല്‍ വിശ്വസിച്ചു.  

സമ്പന്നനാകും മുമ്പ്, 1972ലായിരുന്നു രാജഗോപാലിന്‍റെ ആദ്യ വിവാഹം. ആ ബന്ധത്തിലെ രണ്ടാമത്തെ മകന്‍റെ പേരാണ് ശരവണന്‍. 1994ൽ ജ്യോതിഷിയുടെ ഉപദേശപ്രകാരം ജീവനക്കാരന്‍റെ മകളെ വിവാഹം ചെയ്തു. ഓരോ വിവാഹം കഴിക്കാനും കണ്ടെത്തിയ കാരണം ലാഭം വര്‍ധിക്കുമെന്നായിരുന്നു. ജ്യോതിഷി പറഞ്ഞതുപോലെ രണ്ടാം വിവാഹത്തിന് ശേഷം ലാഭം ഇരട്ടിയായി. അങ്ങനെ, 1999ല്‍ ജ്യോതിഷിയുടെ ഉപദേശ പ്രകാരം മൂന്നാം വിവാഹത്തെക്കുറിച്ച് രാജഗോപാല്‍ ചിന്തിച്ചു. അയാളുടെ തിരിച്ചടികള്‍ തുടങ്ങിയ ചിന്തയായിരുന്നു അത്.  


ജീവജ്യോതിക്ക് പിറകില്‍ രാജഗോപാലിന്‍റെ കണ്ണുകള്‍ 

ചെന്നൈ ബ്രാഞ്ചുകളിലൊന്നിന്‍റെ മാനേജരുടെ മകളായ ജീവജ്യോതിയെ വിവാഹം കഴിക്കണമെന്നായിരുന്നു ജ്യോതിഷിയുടെ പുതിയ ഉപദേശം. അന്ന് സ്കൂള്‍ വിദ്യാര്‍ഥിയായിരുന്നു ജീവജ്യോതി. ട്യൂഷൻ അധ്യാപകനായിരുന്ന പ്രിൻസ് ശാന്തകുമാര്‍ എന്ന യുവാവുമായി അടുപ്പത്തിലായിരുന്നു ജീവജ്യോതി. ഈ ബന്ധം അറിഞ്ഞിട്ടും രാജഗോപാല്‍ വിവാഹ ആവശ്യത്തില്‍നിന്ന് പിന്മാറിയില്ല. പണവും സ്വര്‍ണവും കാഴ്ചവെച്ച് ജീവജ്യോതിയെയും കുടുംബത്തെയും പ്രലോഭിച്ചെങ്കിലും ജീവജ്യോതിയുടെ മനസ്സ് മാറിയില്ല. നിരന്തര പ്രശ്നത്തെ തുടര്‍ന്ന്  ജീവജ്യോതിയും പ്രിന്‍സും ഒളിച്ചോടി വിവാഹം കഴിച്ചു. അതോടെ അവസാനിക്കേണ്ട കഥയായിരുന്നു രാജഗോപാലിന് ജീവജ്യോതിയോടുള്ള താല്‍പര്യം. എന്നാല്‍, രാജഗോപാല്‍ ഇരുവരെയും വെറുതെവിട്ടില്ല.

പണവും അധികാരവും സ്വാധീനവും അയാളെ അന്ധനാക്കിയിരുന്നു. രാജഗോപാലിന്‍റെ ചാരന്മാര്‍ ജീവജ്യോതിയെയും പ്രിന്‍സിനെയും തേടി നാടുമുഴുവന്‍ പാഞ്ഞു. പകയെ അയാള്‍ വീണ്ടും പ്രലോഭനമാക്കി. ജീവജ്യോതിയെയും ഭര്‍ത്താവിനെയും അനുനയിപ്പിച്ച് കൂടെക്കൂട്ടി. ഇരുവര്‍ക്കും കച്ചവട സ്ഥാപനം തുടങ്ങാന്‍ ഒരുലക്ഷം രൂപ നല്‍കി. എന്നെങ്കിലും ജീവജ്യോതി തന്‍റേതാകുമെന്ന പ്രതീക്ഷയില്‍ രാജഗോപാല്‍ കാത്തിരുന്നു.  

എന്നാല്‍, രാജഗോപാലിന്‍റെ പ്രലോഭനങ്ങള്‍ക്ക് മുന്നില്‍ ജീവജ്യോതി വഴങ്ങില്ലെന്ന് തീര്‍ച്ചയായതോടെ രാജഗോപാല്‍ തനിനിറം പുറത്തെടുത്തു. പ്രിന്‍സ് ശാന്തകുമാറിനെ ഭീഷണിപ്പെടുത്തി. നാട്ടില്‍ ജീവിക്കാന്‍ സാധ്യമല്ലെന്ന് മനസ്സിലായതോടെ ഇരുവരും നാടുവിട്ടു. രാജഗോപാലിന്‍റെ ഗുണ്ടകള്‍ ഇരുവരെയും വീണ്ടും പിടികൂടി ശരവണ ഭവന്‍ സ്റ്റോര്‍ റൂമില്‍ തടവിലാക്കി. ശാന്തകുമാറിനെ കൊല്ലാന്‍ മാനേജര്‍ ദാനിയേലിന് അഞ്ച് ലക്ഷം രൂപയാണ് രാജഗോപാല്‍ നല്‍കിയത്. ദാനിയേല്‍ അവിടെ ചെറിയൊരു കളി കളിച്ചു. അഞ്ച് ലക്ഷത്തില്‍നിന്ന് 5000 രൂപ പ്രിന്‍സിന് നല്‍കി മുംബൈയിലേക്ക് നാടുവിടാന്‍ പറഞ്ഞു. അങ്ങനെ പ്രിന്‍സിനെ കൊന്നെന്ന് വരുത്തി അയാള്‍ ബാക്കി തുക കൈക്കാലാക്കി. 

ജീവജ്യോതി പ്രിന്‍സിനോട് തിരികെ വരാന്‍ പറഞ്ഞതിനെ തുടര്‍ന്ന് അയാള്‍ വീണ്ടുമെത്തി. ഇരുവരും രാജഗോപാലിനെ പോയി കണ്ട് ജീവനായി അപേക്ഷിച്ചു. ചതി വെളിവാക്കിയ രാജഗോപാല്‍ ദാനിയേലിന് അന്ത്യശാസനം നല്‍കി. അങ്ങനെ, ദാനിയേൽ ശാന്തകുമാറിനെ കാറിൽ കയറ്റി കൊണ്ടുപോയി. 2001 ഒക്ടോബർ മൂന്നിന് കൊടൈക്കനാലില്‍ പ്രിന്‍സ് ശാന്തകുമാറിന്‍റെ മൃതദേഹം കണ്ടെത്തി.  

പ്രിന്‍സ് ശാന്തകുമാറിന് വേണ്ടിയുള്ള ജീവജ്യോതിയുടെ നിയമപോരാട്ടം

ഭര്‍ത്താവ് പ്രിന്‍സ് ശാന്തകുമാര്‍ പണം വാങ്ങി മുങ്ങിയെന്ന് ജീവജ്യോതിയെ രാജഗോപാല്‍ തെറ്റിദ്ധരിപ്പിച്ചു. ജീവജ്യോതിയില്‍ വിധവാ പൂജ നടത്താനുള്ള ശ്രമം അവളില്‍ സംശയമുണര്‍ത്തി. പിന്നീട് പോരാട്ടത്തിന്‍റെ കഥയായിരുന്നു. പൊലീസ് സ്റ്റേഷനിലും കോടതികളിലും ജീവജ്യോതി നടത്തിയ പോരാട്ടം ഒടുവില്‍ അവസാനിച്ചത് രാജഗോപാലിന്‍റെ മരണത്തിലാണ്. സംശയം തോന്നിയ ജീവജ്യോതി പൊലീസില്‍ പരാതിപ്പെട്ടു. അന്വേഷണത്തില്‍ കൊടൈക്കനാലില്‍ കണ്ടെത്തിയ അ‍ജ്ഞാത ജഡം പ്രിന്‍സിന്‍റേതാണെന്ന് തെളിഞ്ഞു. മാനേജര്‍ ദാനിയേലും കൂട്ടാളികളും ആദ്യം പൊലീസില്‍ കീഴടങ്ങി. പിന്നീട്, രാജഗോപാലിനെയും പൊലീസ് അറസ്റ്റ് ചെയ്തു.

പ്രതികളെ കോടതി ശിക്ഷിച്ചെങ്കിലും മാസങ്ങള്‍ക്ക് ശേഷം ജാമ്യത്തിലിറങ്ങി. കേസ് ഇല്ലാതാക്കാന്‍ ജീവജ്യോതിയുടെ പിറകെ അനുനയവും ഭീഷണിയുമായി രാജഗോപാലും സംഘവും നടന്നെങ്കിലും അവര്‍ വഴങ്ങിയില്ല. ജാമ്യം നല്‍കിയതിനെതിരെ വീണ്ടും നിയമപോരാട്ടത്തിന് രംഗത്തിറങ്ങി. ഒടുവില്‍ അവരുടെ നിശ്ചയദാര്‍ഢ്യത്തിന്‍റെ ഫലമായി രാജഗോപാൽ ജീവപര്യന്തമനുഭവിക്കണമെന്ന് സുപ്രീം കോടതി വിധിച്ചു. എന്നാല്‍, ശിക്ഷ അനുഭവിക്കുന്ന തീയതി നീട്ടണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചെങ്കിലും അപേക്ഷ പരിഗണിച്ചില്ല.  ഒടുവില്‍ ജൂലായ് ഒമ്പതിന് രാജഗോപാല്‍ കോടതിയില്‍ കീഴടങ്ങി.  ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച മകന്‍റെ പരാതി പരിഗണിച്ച കോടതി രാജഗോപാലിനെ സ്വാകാര്യ ആശുപത്രിയിലേക്ക് മാറ്റാന്‍ അനുവദിച്ചു. 

രാജഗോപാലിന്‍റെ മരണം

അങ്ങനെ ഒറ്റമുറിയില്‍നിന്ന് തുടങ്ങി കോടികളുടെ അധിപനായ, ജ്യോതിഷികളുടെ ഉപദേശത്തെ തുടര്‍ന്ന് സ്വന്തം ജീവിതം മാറ്റിയെഴുതിയ, ചെറിയ പെണ്‍കുട്ടികളെ പ്രാപിച്ചാല്‍ വാര്‍ധക്യം വിട്ടുനില്‍ക്കുമെന്ന് വിശ്വസിച്ച, വന്‍സ്രാവെന്ന് മാധ്യമങ്ങള്‍ വാഴ്ത്തിയ രാജഗോപാല്‍ ഒരു പെണ്‍കുട്ടിക്ക് മുന്നില്‍ തോറ്റ് മരണത്തിന് കീഴടങ്ങിയിരിക്കുകയാണ്. പണവും സ്വാധീനവും ഉപയോഗിച്ച് എന്തും കൈക്കലാക്കാം, ആരെയും വിലക്കെടുക്കാമെന്ന രാജഗോപാലിന്‍റെ വിശ്വാസവും കൂടിയാണ് ജീവജ്യോതിയുടെ നിയമ പോരാട്ടത്തില്‍ ഇല്ലാതായത്. 

Follow Us:
Download App:
  • android
  • ios