തിരുവനന്തപുരം: മോഷണകേസില്‍ അറസ്റ്റിലായ ദില്ലി സ്വദേശി സത്യദേവിനെ സുരക്ഷ കണക്കിലെടുത്ത് പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. കൊല്ലം നഗരത്തിലും പരിസരപ്രദേശങ്ങളില്‍ നിന്നുമായി ആറ് സ്ത്രികളുടെ ആഭരണങ്ങളാണ് തോക്ക് ചൂണ്ടി സത്യദേവിന്‍റെ കൊല്ലം സംഘം തട്ടിയെടുത്തത്.

ബാങ്കുകളിലും ജ്യുവല്ലറികളിലും മോഷണം നടത്താൻ ലക്ഷ്യമിട്ടിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. കൊടുംകുറ്റവാളിയും നിരവധി മോഷണ കേസുകളിലെ പ്രതിയുമായ സത്യദേവിനെ കൊട്ടരക്കര ജയിലില്‍ പാർപ്പിക്കാൻ കഴിയില്ലന്ന് കാണിച്ച് സുപ്രണ്ട് നല്‍കിയ കത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

സത്യദേവിനെ കേരള പൊലീസിന്‍റെ സായുധ പൊലീസ് സംഘമാണ് കൊട്ടാരക്കരയില്‍ നിന്നും തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചത്. കൊട്ടാരക്കര റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം സത്യദേവിനെ ഒരുദിവസം പൂർണമായും ചോദ്യം ചെയ്ത ശേഷമാണ് കോടതിയില്‍ ഹാജരാക്കിയത്. കൂടുതല്‍ അളുകളുമായി എത്തി ചില ബാങ്കുകള്‍ ജ്യുവല്ലറികള്‍ എന്നിവ കൊള്ളയടിക്കാൻ സത്യദേവിന്‍റെ സംഘം ലക്ഷ്യമിട്ടിരുന്നു.

നിലവില്‍ ഒരുകേസാണ് ചാർജ്ജ് ചെയ്യതിട്ടുള്ളത്. സംഘത്തില്‍പ്പെട്ട മൂന്ന് പേർക്കായി ദില്ലിയില്‍ പൊലീസ് തെരച്ചില്‍ തുടരുകയാണ്. അന്വേഷണത്തിന്‍റെ ഭാഗമായി സത്യദേവിനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിന് വേണ്ടി കോടതിയെ സമീപിക്കാനാണ് പൊലീസിന്‍റെ തീരുമാനം. സംഘത്തില്‍ 40 അംഗങ്ങള്‍ ഉണ്ടെങ്കിലും കേരളത്തില്‍ നടത്തിയ മോഷണത്തില്‍ നാല് പേർമാത്രമാണ് പ്രതികള്‍.