വീട്ടില്‍ നടത്തിയ പരിശോധനയില്‍ വീടിന്‍റെ മുറ്റത്ത് ഒരു കുഴി നികത്തിയതുപോലെയുള്ള ഇടം പൊലീസിന്‍റെ ശ്രദ്ധയില്‍പ്പെട്ടു. 

കൊല്ലം: കൊല്ലത്ത് ചെമ്മാമുക്കിൽ മകൻ അമ്മയെ കൊന്ന് കുഴിച്ചു മൂടിയ സംഭവത്തില്‍ പ്രതിയായ മകനെ പിടികൂടാന്‍ നിര്‍ണായകമായത് വീട്ടുമുറ്റത്തെ ഇളക്കിയ മണ്ണും മുറ്റത്തു നിന്നും ഉയര്‍ന്ന ദുര്‍ഗന്ധവും. ചെമ്മാമുക്ക് നീതിനഗർ സ്വദേശിനി സാവിത്രിയമ്മയെയാണ് മകൻ സുനില്‍ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കുഴിച്ചിട്ടത്. 

മകനും അമ്മയും ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്. അമ്മയെ കാണാനില്ലെന്ന മകളുടെ പരാതിയിൽ വിശദമായ അന്വേഷണത്തിനായി മകന്‍റെ വീട്ടിലെത്തിയതായിരുന്നു പൊലീസ്. നാട്ടില്‍ നടത്തിയ അന്വേഷണത്തില്‍ മകന്‍ അമ്മയെ ദേഹോപദ്രവമേല്‍പ്പിക്കാറുണ്ടായിരുന്നുവെന്ന് പൊലീസിന് ബോധ്യപ്പെട്ടു. ഇവരുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ വീടിന്‍റെ മുറ്റത്ത് ഒരു കുഴി നികത്തിയതുപോലെയുള്ള ഇടം പൊലീസിന്‍റെ ശ്രദ്ധയില്‍പ്പെട്ടു. 

ഇവിടെ നിന്നും ദുര്‍ഗന്ധവും ഉയരുന്നുണ്ടായിരുന്നു. ഈ ഭാഗം കുഴിച്ച് നോക്കിയപ്പോള്‍ ദുർഗന്ധം വര്‍ധിച്ചു. തുടർന്ന് പൊലീസ് ചോദ്യം ചെയ്തപ്പോള്‍ മകൻ സുനിൽ അമ്മയെ കൊലപ്പെടുത്തി കുഴിച്ചു മൂടുകയായിരുന്നുവെന്ന് പൊലീസിനോട് തുറന്ന് സമ്മതിക്കുകയായിരുന്നു. സ്വത്തുമായി ബന്ധപ്പെട്ട് അമ്മയുമായി വഴക്കുണ്ടായെന്നും മര്‍ദ്ദിച്ചപ്പോള്‍ കൊല്ലപ്പെടുകയായിരുന്നുവെന്നുമാണ് മകന്‍ പൊലീസിനോട് പറഞ്ഞത്.