തൃശ്ശൂർ: കാറളം എസ് ബി ഐ ബാങ്കിൽ പണയത്തിലുള്ള ഉരുപ്പടികൾ വീണ്ടും പണയം വെച്ച് ഉദ്യോഗസ്ഥൻ പണം തട്ടിയതായി പരാതി. ബാങ്കിലെ തന്നെ ഉദ്യോഗസ്ഥനായ ഇരിങ്ങാലക്കുട കാരുകുളങ്ങര സ്വദേശി സുനില്‍ ജോസിനെതിരെയാണ് കാട്ടൂർ പൊലീസ് കേസ്സെടുത്തത്. ബാങ്കിന്റെ പരാതിയിലാണ് നടപടി.

2018 ഓക്ടോബര്‍ 3 മുതല്‍ 2020 നവംമ്പർ 16 വരെയുള്ള കാലയളവില്‍ ബാങ്കിന്റെ ചീഫ് അസോസിയേറ്റായി പ്രവര്‍ത്തിച്ചിരുന്ന സുനിൽ ജോസ് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പേരിൽ പുതിയ ലോണ്‍ അക്കൗണ്ടുകള്‍ ഉണ്ടാക്കി പണം തട്ടിയെന്നാണ് പരാതി.

ബാങ്കില്‍ പണയത്തിൽ സൂക്ഷിച്ചിരുന്ന 76 പാക്കറ്റിലുള്ള സ്വര്‍ണ്ണ ഉരുപടികള്‍ വീണ്ടും പണയം വച്ച് 2 കോടി 76 ലക്ഷം രൂപ തിരിമറി നടത്തിയതായാണ് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ നന്ദകുമാര്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.ബാങ്കില്‍ നടത്തിയ ഓഡിറ്റ് പരിശോധനയിലാണ് തിരിമറി കണ്ടെത്തിയത്.

തുടര്‍ന്ന് പ്രതിയെയും ബാങ്ക് മാനേജരെയും താല്‍ക്കാലികമായി പുറത്താക്കി. കാട്ടൂർ പെലാീസിനെക്കൂടാതെ ബാങ്കിന്റെ ഇന്റലിജന്‍സ് വിഭാഗം അന്വേഷണംതുടങ്ങിയിട്ടുണ്ട്. പ്രതി ഒളിവിലാണെന്ന് പൊലീസ് വ്യക്തമാക്കി. വാർത്ത പരന്നതോടെ പണയം വച്ച സ്വർണം തിരിച്ചെടുക്കാൻ ആളുകൾ ബാങ്കിലേക്ക് എത്തുകയാണ്. ആരും ആശങ്കപ്പെടേണ്ടതില്ലെന്നും സ്വർണ്ണം നഷ്ടപ്പെടില്ലെന്നും ബാങ്ക് അധികൃതർ വ്യക്തമാക്കി.