അഹമ്മദാബാദ്: ഷര്‍ട്ടിന്റെ ബട്ടണ്‍സ് ഇട്ടില്ലെന്നും ഉന്നത ജാതിപ്പേരുപയോഗിച്ചെന്നും ആരോപിച്ച് ഗുജറാത്തില്‍ ദലിത് യുവാവിന് മര്‍ദ്ദനം. ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോര്‍ട്ട് ചെയ്തത്. പരാതിയെ തുടര്‍ന്ന് സനന്ദ് ജിഐഡിസി പൊലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ചൊവ്വാഴ്ചയാണ് സംഭവം. പേരിന് പിന്നില്‍ ക്ഷത്രിയ ജാതിക്കാരുടെ പേര് ഉപയോഗിച്ചെന്നും ഷര്‍ട്ടിന്റെ ബട്ടണ്‍ ഇട്ടില്ലെന്നും ആരോപിച്ചാണ് ഉന്നത ജാതിക്കാരായ രണ്ട് പേര്‍ യുവാവ് ജോലി ചെയ്യുന്ന ഓട്ടോമൊബൈല്‍ നിര്‍മ്മാണ യൂണിറ്റിന് മുന്നില്‍വെച്ച് മര്‍ദ്ദിച്ചത്. 21 കാരനായ ഭാരത് ജാദവിനെയാണ് നരേന്ദ്ര രാജ്പുത് എന്നയാളും സഹായിയും മര്‍ദ്ദിച്ചത്.

ജോലിക്കെത്തിയ ജാദവിനെ ഇരുവരും തടയുകയായിരുന്നു. ഏത് ഗ്രാമത്തില്‍ നിന്നാണ് വരുന്നതെന്നും ഏത് ജാതിയാണെന്നും ചോദിച്ചു. ഷര്‍ട്ടിന്റെ ബട്ടണ്‍ നേരെയിട്ടിട്ടില്ലെന്നും ഇവര്‍ പറഞ്ഞു. മറുപടി പറഞ്ഞപ്പോള്‍ എന്തിനാണ് മേല്‍ജാതിക്കാരുടെ പേര് ഉപയോഗിക്കുന്നതെന്ന് ചോദിച്ചു. ജോലി കഴിഞ്ഞ് ഫാക്ടറിക്ക് പുറച്ചുവെച്ച് കാണണമെന്നും ഇരുവരും അറിയിച്ചു.

പിന്നീട് ജോലിക്ക് ശേഷം ഫാക്ടറിക്ക് പുറത്തുവെച്ച് ആക്രമിക്കുകായിരുന്നെന്ന് പരാതിയില്‍ പറയുന്നു. മാരകമായി പരിക്കേറ്റ് യുവാവ് ബസില്‍ കയറിയാണ് പൊലീസ് സ്റ്റേഷനില്‍ പരാതി പറയാനെത്തിയത്. എസ്‌സി എസ്ടി അതിക്രമം തടയല്‍ നിയമപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.