തിരുവനന്തപുരം: മൗണ്ട് കാർമൽ സ്കൂളിലെ സ്കൂൾ ബസ് കത്തിച്ച സംഭവത്തിൽ അന്വേഷണം വഴിമുട്ടി. ആക്ഷൻ കൗൺസിൽ രൂപീകരിച്ച് സമരപരിപാടികളിലേക്ക് നീങ്ങാനുളള തയ്യാറെടുപ്പിലാണ് സ്കൂൾ അധികൃതർ.

കഴിഞ്ഞ സെപ്റ്റംബർ മൂന്നാം തീയതിയാണ് സംഭവം. കാഞ്ഞിരംകുളം മൗണ്ട് കാർമൽ റെസിഡൻഷ്യൽ സ്കൂളിലെ ഒരു ബസ് കത്തിക്കുകയും എട്ട് ബസുകൾ അടിച്ചുതകർക്കുകയുമാണ് ചെയ്തത്. ബസ് ആക്രമിച്ച പ്രതികളുടെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. സ്കൂളിലെ സിസിടിവികളെല്ലാം തകർത്ത ശേഷമായിരുന്നു അക്രമം. 

അതുകൊണ്ട് തന്നെ സ്കൂളുമായി അടുത്ത ബന്ധമുളള ആരോ ആണ് പ്രശ്നമുണ്ടാക്കിയതെന്ന് നേരത്തെ തന്നെ മാനേജ്മെന്റിന് സംശയമുണ്ടായിരുന്നു. പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിൽ ഉളളത് സ്കൂളിൽ നിന്ന് പുറത്താക്കിയ അധ്യാപകനാണെന്ന് സ്കൂൾ അധികൃതർ കണ്ടെത്തുകയും ചെയ്തു. ഇക്കാര്യം പൊലീസിനെ അറിയിച്ചിട്ടും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. 

ഇതിൽ പ്രതിഷേധിച്ചാണ് സ്കൂൾ മാനേജ്‌മെന്റ് രക്ഷിതാക്കളെയും, വിദ്യാർത്ഥികളെയും ചേർത്ത് ആക്ഷൻ കൗൺസിൽ രൂപീകരിച്ച് സമര പരിപാടികൾ തുടങ്ങാൻ തീരുമാനിച്ചത്. അക്രമത്തിൽ ഏകദേശം ഒരു കോടി രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്.