പരീക്ഷയ്ക്കിടെ പെട്ടന്ന് വിദ്യാര്‍ത്ഥി കൈയ്യിലുണ്ടായിരുന്ന കത്തികൊണ്ട് അധ്യാപകനെ നിരവധി തവണ കുത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

ദില്ലി: ദില്ലിയില്‍ അധ്യാപകനെ പ്ലസ് ടു വിദ്യാര്‍ത്തി കത്തികൊണ്ട് തുത്തി വീഴ്ത്തി. ദില്ലിയിലെ ഇന്ദർപുരി മേഖലയിലാണ് സംഭവം. പ്രദേശത്തെ ഒരു സര്‍ക്കാര്‍ സക്കൂളില്‍ പരീക്ഷയുടെ മേല്‍നോട്ടത്തിനായി എത്തിയതായിരുന്നു ഭൂദേവ് എന്ന അധ്യാപകന്‍. പ്രാക്ടിക്കല്‍ പരീക്ഷ നടക്കുന്നതിനിടെയാണ് വിദ്യാര്‍ത്ഥി അധ്യാപകനെ കുത്തിയത്.

പരീക്ഷയ്ക്കിടെ പെട്ടന്ന് വിദ്യാര്‍ത്ഥി കൈയ്യിലുണ്ടായിരുന്ന കത്തികൊണ്ട് അധ്യാപകനെ നിരവധി തവണ കുത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഒന്നിലേറെ തവണ വയറിന് കുത്തേറ്റ അധ്യാപകന്‍ ഗുരുതരാവസ്ഥയില്‍ ബിഎൽകെ കപൂർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തില്‍ അധ്യാപകനെ കുത്തിയ പ്ലസ് ടു വിദ്യാര്‍ത്ഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുത്താനുപയോഗിച്ച കത്തിയും പൊലീസ് കസ്റ്റഡിയിലെടുത്തു.

ആക്രമണത്തിന് പിന്നില്‍ മറ്റ് രണ്ട് വിദ്യാര്‍ത്ഥികള്‍ കൂടി ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത വിദ്യാര്‍ത്ഥിയെ ചോദ്യം ചെയ്തു വരികയാണെന്നും ആക്രമണത്തന് പിന്നിലെ കാരണം ഉടനെ കണ്ടെത്തുമെന്നും പൊലീസ് പറഞ്ഞു. കൂടുതല്‍ പേര്‍ക്ക് കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്ന് സംശയമുണ്ട്, വിദ്യാര്‍ത്ഥികളെ ചോദ്യം ചെയ്ത ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

Read More : വരുമാന സര്‍ട്ടിഫിക്കറ്റിന് 10,000 രൂപ കൈക്കൂലി; ഇടുക്കി തഹസില്‍ദാറെ കൈയ്യോടെ പൊക്കി വിജിലന്‍സ്