തേഞ്ഞിപ്പലം:  യാത്രയ്ക്കിടെ ബസിനുള്ളില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമമെന്ന യുവതിയുടെ പരാതിയില്‍ കല്ലട ബസിലെ രണ്ടാം ഡ്രൈവര്‍ അറസ്റ്റില്‍. മംഗലാപുരത്ത് നിന്ന് കയറിയ യുവതി ഉറക്കത്തിനിടയില്‍ ആരോ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ബഹളം വയ്ക്കുകയായിരുന്നു. കോഴിക്കോട് വച്ചായിരുന്നു യുവതിയ്ക്ക് കല്ലട ബസിനുള്ളില്‍ വച്ച് ദുരനുഭവം ഉണ്ടായത്. 

സംഭവസ്ഥലത്ത് വച്ച് യാത്രക്കാര്‍ ബഹളം വച്ചെങ്കിലും ബസ് നിര്‍ത്താതെ പോവുകയായിരുന്നു.  പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചയാളെ യാത്രക്കാര്‍ പിടികൂടുകയും പൊലീസിനെ വിളിക്കുകയും ചെയ്തതോടെയാണ് ബസ് നിര്‍ത്തിയത്. മലപ്പുറം തേഞ്ഞിപ്പലം പോലീസ് ബസിലെ രണ്ടാം ഡ്രൈവറായ കോട്ടയം സ്വദേശി ജോൺസൻ ജോസഫിനെ സംഭവത്തില്‍ അറസ്റ്റ് ചെയ്തു.

സ്ലീപ്പർ ബസിൽ കണ്ണൂരിൽ നിന്ന് കൊല്ലത്തിന് യാത്ര ചെയ്ത തമിഴ് യുവതിയുടെ പരാതിയിലാണ് നടപടി.  നേരത്തെ ബസിലെ യാത്രക്കാരെ ആക്രമിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ ഏറെ ആരോപണം നേരിട്ട സുരേഷ് കല്ലട ബസ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് ബസ്.