പാലക്കാട്: മണ്ണാർക്കാട് വിദ്യാര്‍ത്ഥിയുടെ കർണപുടം സീനിയർ വിദ്യാർത്ഥികള്‍ അടിച്ച് പൊട്ടിച്ച കേസിൽ പ്രതികളെ പിടികൂടാനാവാതെ പൊലീസ്. സംഭവം നടന്ന് 20 ദിവസമായിട്ടും പ്രതികളെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. മണ്ണാർക്കാട് എംഇഎസ് കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിയായ ദിൽഷാദിനാണ് മർദ്ദനത്തില്‍ ഗുരുതര പരിക്കേറ്റത്.

വിദ്യാർത്ഥികളായ മുഹമ്മദ് ഷിബിൽ, മുഹമ്മദ് ഷാനിൽ ഉള്‍പ്പെടെ കണ്ടാലറിയാവുന്ന മറ്റ്‌ നാലുപേർ എന്നിവർക്കെതിരെ ആന്റി റാഗിങ് ആക്ട് അനുസരിച്ച് പൊലീസ് കേസെടുത്തിരുന്നു. സസ്പെൻഷനിലായ വിദ്യാർത്ഥികള്‍ അന്ന് തന്നെ ഒളിവിൽ പോയെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ 20 ദിവസമായിട്ടും പ്രതികളെക്കുറിച്ച് ഒരു സൂചനയും പൊലീസിന് ലഭിച്ചിട്ടില്ല. ഇതിനിടെ പ്രതികൾ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുകയും ഹൈക്കോടതി നിഷേധിക്കുകയും ചെയ്തു.

മുൻകൂർ ജാമ്യം തള്ളിയതിനാൽ പ്രതികൾ നേരിട്ട് വരുമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ പൊലീസ്. പ്രതിൾക്ക് ഉന്നത രാഷ്ട്രീയ സ്വാധീനമുള്ളതുകൊണ്ടാണ് അറസ്റ്റ് വൈകുന്നതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.