Asianet News MalayalamAsianet News Malayalam

18 സ്ത്രീകളെ ശ്വാസം മുട്ടിച്ച് കൊന്നു, പണം തട്ടി, സീരിയൽ കില്ലർ ഹൈദരാബാദിൽ പിടിയിൽ

ഭാര്യ മറ്റൊരാളുടെ കൂടെ ഒളിച്ചോടിയതിനെത്തുട‍ർന്നാണ് എം രാമുലുവെന്ന മൈന രാമുലു സ്ത്രീകളെ ലക്ഷ്യമിട്ട് അവരെ കൊലപ്പെടുത്താൻ തുടങ്ങിയതെന്നാണ് പൊലീസ് പറയുന്നത്. ഒരു കൊലക്കേസിൽ ജീവപര്യന്തം അനുഭവിച്ചുവരവെ ജയിലിൽ നിന്ന് രക്ഷപ്പെട്ടതായിരുന്നു ഇയാൾ. 

serial killer who killed 18 women in hyderabad arrested in hyderabad
Author
Hyderabad, First Published Jan 27, 2021, 11:15 AM IST

ഹൈദരാബാദ്: 24 വർഷത്തിനിടെ 18 സ്ത്രീകളെ ശ്വാസം മുട്ടിച്ച് കൊന്ന സീരിയൽ കില്ലർ ഹൈദരാബാദിൽ അറസ്റ്റിൽ. എം രാമുലുവെന്ന മൈന രാമുലു (45) വിനെയാണ് രചകൊണ്ട പൊലീസും ഹൈദരാബാദ് പൊലീസും ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിൽ ഇന്ന് രാവിലെ അറസ്റ്റ് ചെയ്തത്. രണ്ട് സ്ത്രീകളെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായി ജീവപര്യന്തം ശിക്ഷ അനുഭവിച്ച് വരവെ ജയിലിൽ നിന്ന് രക്ഷപ്പെട്ട ഇയാളെക്കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോഴാണ് ഇയാൾ 16 സ്ത്രീകളെക്കൂടി സമാനമായ രീതിയിൽ കൊലപ്പെടുത്തിയിട്ടുണ്ടെന്ന് പൊലീസിന് വ്യക്തമായത്. 

2011- മുതൽ പൊലീസിനെ കബളിപ്പിച്ച് മുങ്ങി നടക്കുകയായിരുന്നു രാമുലു. യേറഗാഡ മാനസികരോഗാശുപത്രിയിൽ നിന്ന് കൊലക്കേസിൽ ശിക്ഷയനുഭവിച്ച് വരവെ ചികിത്സയ്ക്കായി ജയിലിൽ നിന്ന് അഡ്മിറ്റായതായിരുന്നു രാമുലു. അവിടെ നിന്നാണ് ജയിൽ, ആശുപത്രി ജീവനക്കാരെ പറ്റിച്ച് ഇയാൾ രക്ഷപ്പെടുന്നത്. പിന്നീടിത്രയും കാലം രാമുലുവിനെ തെരഞ്ഞ് നടക്കുകയായിരുന്നു പൊലീസ്. ഒറ്റയ്ക്ക് കഴിയുന്ന സ്ത്രീകളെ തെരഞ്ഞുപിടിച്ച് മദ്യവും പണവും നൽകി, കൊലപ്പെടുത്തി, അവരിൽ നിന്ന് വിലപ്പെട്ടത് എന്തെങ്കിലും മോഷ്ടിച്ച് കടന്നുകളയുകയെന്നതാണ് രാമുലുവിന്‍റെ രീതി. ഭാര്യ മറ്റൊരാളുടെ കൂടെ ഒളിച്ചോടിയതിനെത്തുട‍ർന്നാണ് എം രാമുലുവെന്ന മൈന രാമുലു സ്ത്രീകളെ ലക്ഷ്യമിട്ട് അവരെ കൊലപ്പെടുത്താൻ തുടങ്ങിയതെന്നാണ് പൊലീസ് പറയുന്നത്. 

ഈ വർഷം ആദ്യം, ജനുവരി 1-ന് കവല അനന്തയ്യ എന്നയാൾ ജൂബിലി ഹിൽസ് പൊലീസ് സ്റ്റേഷനിൽ കവല വെങ്കടമ്മ എന്ന തന്‍റെ ഭാര്യയെ കാണാനില്ലെന്ന് പറഞ്ഞ് പൊലീസിൽ പരാതി നൽകിയതോടെയാണ് പൊലീസ് വീണ്ടും അന്വേഷണം ഊർജിതമാക്കിയത്. ജനുവരി 4-ന് വെങ്കടമ്മയുടെ മൃതദേഹം അങ്കുഷാപൂർ വില്ലേജിലെ റെയിൽവേട്രാക്കിൽ കണ്ടെത്തി. അവിടെയാണ് ഇതിന് പിന്നിൽ രാമുലുവായിരിക്കാമെന്ന സംശയം പൊലീസ് ഫോഴ്സിൽ തന്നെ ഉയർന്നത്. രാമുലുവിന്‍റെ അതേ രീതിയിലുള്ള കൊലപാതകമാണ് നടന്നിരിക്കുന്നത്.

അന്വേഷണത്തിനിടെ, സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ, വെങ്കടമ്മ ഒരു യുസഫ്ഗുഡ എന്ന സ്ഥലത്തിന് അടുത്തുള്ള ഒരു കള്ളുഷാപ്പിൽ നിന്ന് ഒരു ഓട്ടോറിക്ഷയിൽ കയറുന്ന ദൃശ്യങ്ങൾ കണ്ടെത്തി. അത് പിന്തുടർന്ന് പരിശോധിച്ചപ്പോൾ ഈ ഓട്ടോ അങ്കുഷാപൂർ വില്ലേജിലെ ഒറ്റപ്പെട്ട മേഖലയിലേക്കാണ് പോയതെന്ന് വ്യക്തമായി. 

അവിടെ വച്ച് ഇരുവരും മദ്യപിച്ച ശേഷം, ഒരു വടിയുപയോഗിച്ച് വെങ്കടമ്മയെ കൊലപ്പെടുത്തിയ ശേഷം അവരുടെ കയ്യിലുള്ള വിലപ്പെട്ട വസ്തുക്കളെല്ലാം ഉപയോഗിച്ച് രാമുലു രക്ഷപ്പെട്ടതായി പൊലീസിന് വ്യക്തമായി. സ്ഥലത്ത് പരിശോധന നടത്തിയപ്പോൾ വെങ്കടമ്മയുടെ മുഖം അവരുടെ തന്നെ വസ്ത്രങ്ങൾ ഉപയോഗിച്ചാണ് കത്തിച്ചിരിക്കുന്നതെന്നും, മറ്റ് വസ്തുക്കളും പൊലീസ് കണ്ടെത്തി. വെങ്കടമ്മയുടെ മൃതദേഹം അവരുടെ സെൽഫോൺ ഉപയോഗിച്ചാണ് തിരിച്ചറിഞ്ഞത്. 

ഡിസംബർ 10-ന് ഇതേ രീതിയിൽ ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്ത മറ്റൊരു സ്ത്രീയെക്കൂടി രാമുലു സമാനമായ രീതിയിൽ സൈബരാബാദ് സ്റ്റേഷൻ പരിധിയിൽ വച്ചും കൊലപ്പെടുത്തിയെന്നും പൊലീസ് പറയുന്നു.

സംഗറെഡ്ഡി സ്വദേശിയാണ് രാമുലു. 21 വയസ്സിലാണ് രാമുലു വിവാഹിതനാകുന്നത്. അന്ന് വിവാഹം കഴിച്ച പെൺകുട്ടി മറ്റൊരാളുടെ കൂടെ ഒളിച്ചോടിയതിലെ വിദ്വേഷമാണ് ഇത്തരത്തിലുള്ള കൊലപാതകങ്ങളിലേക്ക് രാമുലുവിനെ നയിച്ചത്. 

Follow Us:
Download App:
  • android
  • ios