പാലക്കാട്: കല്ലേക്കാട് എ ആർ ക്യാംപിലെ പൊലീസുകാരൻ കുമാറിന്‍റെ ആത്മഹത്യയിൽ മേലുദ്യോഗസ്ഥര്‍ക്കെതിരെ ആരോപണവുമായി കുടുംബാംഗങ്ങൾ. ആദിവാസിയായ കുമാറിനോട് ജാതി വിവേചനം കാട്ടിയിരുന്നതായും നഗ്നനാക്കി മര്‍ദ്ദിച്ചിരുന്നതായും ഭാര്യ സജിനി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പരാതിയെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പാലക്കാട് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിക്ക് തൃശ്ശൂർ റേഞ്ച് ഐജി നിർദ്ദേശം നൽകി.

രണ്ട് ദിവസം മുമ്പാണ് കല്ലേക്കാട് എ ആർ ക്യാംപിലെ പൊലീസുകാരനായ കുമാറിനെ ലക്കിടിക്ക് സമീപം റെയിൽവെ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അസ്വാഭാവികമരണത്തിന് കേസെടുത്ത് ഷൊറണൂർ പൊലീസാണ് അന്വേഷണം നടത്തുന്നത്. ഇതിനിടെയാണ് ജാതിവിവേചനമെന്ന ഗുരുതര ആരോപണവുമായി കുടുംബാംഗങ്ങൾ രംഗത്തെത്തുന്നത്. ആദിവാസി വിഭാഗത്തിൽപ്പെട്ടതിനാൽ ക്യാംപിൽ നിരന്തരമായി ജാതീയമായി അധിക്ഷേപം ഉണ്ടായിരുന്നതായി കുമാർ പറഞ്ഞിരുന്നതായി ഭാര്യ സജിനി പറയുന്നു. ഇതിൽ വിശദമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും പരാതി നൽകാനൊരുങ്ങുകയാണ് സജിനി. 

കല്ലേക്കാട് ക്യാംപിൽ ജാതിവിവേചനമുണ്ടെന്ന ആരോപണങ്ങൾക്കിടെയാണ് കുമാറിന്‍റെ ആത്മഹത്യയെന്ന് ക്യാംപിലെ ചില പൊലീസുകാർ തന്നെ പറയുന്നുണ്ട്. കുമാറിന് ക്യാംപിൽ മാനസിക പ്രശ്നങ്ങളുണ്ടായിരുന്നെന്ന് ജില്ലാ പൊലീസ് മേധാവിയും സമ്മതിക്കുന്നു. രണ്ടാഴ്ചയിലേറെ കുമാർ അനുവാദമില്ലാത്ത അവധിയിലായിരുന്നെന്നും ഇതിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നതായും പൊലീസ് വ്യക്തമാക്കുന്നു. ജാതീയമായ വേർതിരിവ് ക്യാംപിൽ ഉണ്ടോ എന്നതിനെക്കുറിച്ച് പരിശോധിക്കുമെന്നും ജില്ല പൊലീസ് മേധാവി വ്യക്തമാക്കി.

കുമാറിന്‍റെ മരണത്തിന് കാരണമായവർക്കെതിരെ നടപടിയാവശ്യപ്പെട്ട് സമരത്തിനൊരുങ്ങുകയാണ് കുമാറിന്‍റെ ഊരായ അട്ടപ്പാടിയിലെ കുന്നൻചാള നിവാസികൾ.