ന്യൂയോര്‍ക്ക്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ  ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ യുഎസ് കോടീശ്വരന്‍ ജയിലില്‍ വച്ച് ആത്മഹത്യ ചെയ്തതായി യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ധനകാര്യ മേഖലയിലെ ഭീമനായ ജെഫ്രെ എപ്സ്റ്റിനെയാണ്(66) ജയിലില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ  ഏഴരയോടെയാണ്  വിചാരണ തടവുകാരെ പാര്‍പ്പിക്കുന്ന മാന്‍ഹാട്ടനിലെ മെട്രോപൊളിറ്റന്‍ കറക്ഷന്‍ സെന്‍ററിലെ സെല്ലില്‍ എപ്സ്റ്റിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടതെന്ന് ന്യൂയോര്‍ക്ക് ടൈംസ് അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

നേരത്തെയും ഇയാള്‍ ആത്മഹത്യാശ്രമം നടത്തിയിരുന്നു.  ജൂലായില്‍ എപ്സ്റ്റിന്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചെങ്കിലും തള്ളി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുകയും പെണ്‍വാണിഭം നടത്തുകയും ചെയ്തെന്ന ഗുരുതരമായ കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസ് തെളിഞ്ഞാല്‍ ചുരുങ്ങിയത് 45 വര്‍ഷമെങ്കിലും ജയില്‍ ശിക്ഷ ലഭിക്കുമായിരുന്നു.

അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്, മുന്‍ പ്രസിഡന്‍റ് ബില്‍ ക്ലിന്‍റണ്‍ തുടങ്ങിയ രാഷ്ട്രീയ നേതാക്കളുമായും സെലിബ്രിറ്റികളുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ആളാണ് ജെഫ്രെ എപ്സ്റ്റിന്‍. ടിവി അഭിമുഖത്തില്‍ എപ്സ്റ്റിനെ ട്രംപ് പുകഴ്ത്തി സംസാരിച്ചിരുന്നു. എപ്സ്റ്റിനുമായി 15 വര്‍ഷത്തെ പരിചയമുണ്ടെന്നും സുന്ദരികളെ ഇഷ്ടപ്പെടുന്ന ആളാണെന്നുമാണ് ട്രംപ് എപ്സ്റ്റിനെക്കുറിച്ച് പറഞ്ഞത്. 

അറസ്റ്റ്  ചെയ്യുമ്പോള്‍ ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 14 വയസ്സില്‍ താഴെയുള്ള നിരവധി പെണ്‍കുട്ടികളുടെ നഗ്നചിത്രങ്ങള്‍ കണ്ടെടുത്തു. ന്യൂയോര്‍ക്കിലെയും ഫ്ലോറിഡയിലെയും ആഡംബര വസതിയില്‍ ചെറിയ പെണ്‍കുട്ടികളെയെത്തിച്ച് ഇയാള്‍ ലൈംഗികമായി ഉപയോഗിച്ചിരുന്നതായും പൊലീസ് കണ്ടെത്തി. പെണ്‍കുട്ടികളെ വലവീശിപ്പിടിക്കാന്‍ ഇയാള്‍ പണം നല്‍കി മറ്റ് പെണ്‍കുട്ടികളെ ഏര്‍പ്പാടാക്കിയിരുന്നതായും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. 

ധനകാര്യ സ്ഥാപനമായ ഹെഡ്ജെ ഫണ്ട് മുന്‍ മാനേജരാണ് ഇയാള്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളാണ് എന്ന വസ്തുത അറിഞ്ഞാണ് ഇയാള്‍ പെണ്‍കുട്ടികളുമായി ബന്ധത്തിലേര്‍പ്പെട്ടത്. പെണ്‍വാണിഭം, പെണ്‍വാണിഭത്തിനുള്ള ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. 2002-2005 കാലയളവിലാണ് ഇയാള്‍ കുറ്റകൃത്യം ചെയ്തത്. പൊലീസ് വാദത്തെ എപ്സ്റ്റിന്‍ എതിര്‍ത്തിരുന്നു. പരസ്പര സമ്മതത്തോടെയാണ് പലരുമായും ബന്ധപ്പെട്ടതെന്നും ചിലര്‍ പ്രായപൂര്‍ത്തിയാകാത്ത കാര്യം അറിയുമായിരുന്നില്ലെന്നും എപ്സ്റ്റിന്‍റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞിരുന്നു.