Asianet News MalayalamAsianet News Malayalam

ഷാരോണിനൊപ്പം താമസിച്ച റിസോർട്ടിലടക്കം തമിഴ്നാട്ടിൽ ഗ്രീഷ്മയെയും കൊണ്ട് തെളിവെടുപ്പ് നടത്തിയേക്കും

പാറശ്ശാല ഷാരോണ്‍ കൊലക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മയെയും കൊണ്ട് അന്വേഷണ സംഘം ഇന്ന് തമിഴ്നാട്ടിലെ വിവിധയിടങ്ങളില്‍ തെളിവെടുപ്പ് നടത്തിയേക്കും

Sharon Raj murder case: Greeshma may taken to TN for evidence collection
Author
First Published Nov 8, 2022, 12:11 AM IST

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ കൊലക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മയെയും കൊണ്ട് അന്വേഷണ സംഘം ഇന്ന് തമിഴ്നാട്ടിലെ വിവിധയിടങ്ങളില്‍ തെളിവെടുപ്പ് നടത്തിയേക്കും. ഷാരോണും ഗ്രീഷ്മയും താമസിച്ചെന്ന് പറയുന്ന തൃപ്പരപ്പിലെ റിസോര്‍ട്ടിലും ഇരുവരും ഒന്നിച്ചുപോയ മാര്‍ത്താണ്ഡത്തും തെളിവെടുപ്പ് നടത്തും. ഗ്രീഷ്മയെയും കൊണ്ട് ഇന്ന് വെട്ടുകാട് പള്ളിയില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തെളിവെടുപ്പ് നടത്തിയിരുന്നു. വെട്ടുകാട് പള്ളിയില്‍ വെച്ച് സിന്ധൂരം ചാര്‍ത്തി പ്രതീകാത്മകമായി താലികെട്ടിയെന്ന് ഗ്രീഷ്മ മൊഴി നല്‍കിയിരുന്നു. ഇന്നലെ ഗ്രീഷ്മയെയും കൊണ്ട് വീട്ടില്‍ രാവിലെ മുതല്‍ വൈകീട്ട് വരെ അന്വേഷണ സംഘം തെളിവെടുപ്പ് നടത്തിയിരുന്നു. 

അതേസമയം, ഷാരോൺ വധകേസ് തമിഴ്നാട് പൊലീസ് അന്വേഷിക്കുന്നതാണ് കൂടുതൽ ഉചിതമെന്ന് എ.ജി നിയമോപദേശം നൽകി. ഡിജിപി ഓഫീസിന്റെ കൂടി അഭിപ്രായം ആരാഞ്ഞ ശേഷമാണ് നിയമോപദേശം.' കുറ്റകൃത്യം നടന്നത് തമിഴ്നാട്ടിലായതിനാൽ  അന്വേഷണം കേരളത്തിൽ നടത്തിയാൽ കുറ്റപത്രം നൽകിക്കഴിയുമ്പോൾ പ്രതി ഭാഗം കോടതിയിൽ സാങ്കേതിക പ്രശ്നങ്ങൾ ഉന്നയിക്കാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ഷാരോൺ മരിച്ചത് തിരുവനന്തപുരം മെഡിക്കൽ കോളജിലാണെങ്കിലും കുറ്റ കൃത്യവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും ഏറെ നടന്നത് തമിഴ്നാട്ടിൽ വെച്ചാണ്. നേരത്തെ തിരുവനന്തപുരം ജില്ലാ പബ്ലിക് പ്രോസികൂട്ടറും സമാനനിയമോപദേശം നൽകിയിരുന്നു.

ഷാരോൺ കൊലക്കേസിലെ അന്വേഷണം തമിഴ്നാട്ടിലേക്ക് മാറ്റിയാൽ നീതി കിട്ടില്ലെന്ന് ഷാരോണിന്റെ അച്ഛൻ പ്രതികരിച്ചിരുന്നു. ഇപ്പോൾ കേസ് അന്വേഷണം നല്ല നിലയിലാണ് പുരോഗമിക്കുന്നത്. തമിഴ്നാട്ടിലേക്ക് കേസ് മാറ്റിയാൽ അട്ടിമറി നടക്കുമോ എന്ന സംശയം ഉണ്ടെന്നും അച്ഛൻ ജയരാജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. 

Read more;സ്റ്റേഷനിൽ തള്ളിക്കയറി, പൊലീസുകാരെ തള്ളിമാറ്റി, അസഭ്യം പറഞ്ഞു, സിപിഎമ്മുകാർക്കെതിരെ കേസില്ല

അതിനിടെ, കേസിലെ പ്രധാന പ്രതിയായ ഗ്രീഷ്മയെ ചോദ്യം ചെയ്തതിൽ നിന്ന് കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. ജ്യൂസ് ചലഞ്ചും ഷാരോണിനെ കൊല്ലാൻ ആസൂത്രണം ചെയ്തതതാണെന്ന് ​ഗ്രീഷ്മ ചോദ്യം ചെയ്യലിൽ പറഞ്ഞു. പലതവണ ജ്യൂസിൽ വിഷം കലക്കി കൊല്ലാൻ ശ്രമിച്ചതായും ഗ്രീഷ്മ ചോദ്യം ചെയ്യലിനിടെ സമ്മതിച്ചു. കഷായം ഉണ്ടാക്കിയ പാത്രവും വിഷത്തിന്‍റേതെന്ന് സംശയിക്കുന്ന പൊടിയും പൊലീസിന് കിട്ടി. ഈ പൊടിയാണോ കഷായത്തിന് ഉപയോഗിച്ചതെന്ന് ഫോറൻസിക് പരിശോധനയ്ക്ക് ശേഷമേ അറിയാനാകു. 

Follow Us:
Download App:
  • android
  • ios