ദില്ലി: ദില്ലിയിലെ തിരക്കേറിയ മാര്‍ക്കറ്റില്‍, ആളുകളുടെ മുന്നില്‍വച്ച് അക്രമിയുടെ കുത്തേറ്റ് കൊല്ലപ്പെട്ട യുവതിയുടെ അനുഭവം വിവരിച്ച് സംഭവത്തിന് സാക്ഷിയായ വ്യാപാരി. സഹായത്തിനായി യുവതി അലറിവിളിച്ചെന്നും എന്നാല്‍, സംഭവം മനസ്സിലാകും മുമ്പ് അക്രമി അവളെ കുത്തി വീഴ്ത്തിയെന്നും മാര്‍ക്കറ്റില്‍ ഷോപ്പ് നടത്തുന്ന ഗിരിലാല്‍ പറഞ്ഞു. വെള്ളിയാഴ്ച വൈകുന്നേരമാണ് 21 കാരിയായ പ്രീതി മാത്തൂര്‍(കിര്‍തി) ദില്ലിയിലെ തിരക്കേറിയ ഭോഗല്‍ മാര്‍ക്കറ്റില്‍ കുത്തേറ്റ് മരിച്ചത്.

'ഫുട്പാത്തിലൂടെ പെണ്‍കുട്ടി നിലിവിളിച്ച് ഓടി വരുന്നുണ്ടായിരുന്നു. സഹായിക്കണമെന്ന് അവള്‍ ഉറക്കെ നിലിവിളിക്കുന്നുണ്ട്. ഫുട്പാത്തില്‍ ഇടിച്ച് അവള്‍ തെറിച്ചുവീണു. വാഹനാപകടത്തില്‍പ്പെട്ടിരിക്കുകയാണെവന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍, കത്തിയുമായി പിന്നില്‍ ഒരു യുവാവിനെ കണ്ടതോടെയാണ് കാര്യങ്ങള്‍ വ്യക്തമായത്. അപ്പോഴേക്കും സമയം വൈകിയിരുന്നു. യുവതിയുടെ മേല്‍ ചാടി വീണ അക്രമി അവളെ തുരുതുരാ കുത്തി. മരം കൊണ്ട് നിര്‍മിച്ച ബക്കറ്റുകൊണ്ട് യുവതി തടയാന്‍ ശ്രമിച്ചെങ്കിലും രക്ഷപ്പെടാനായില്ല. എതിര്‍ക്കാന്‍ ശ്രമിച്ചവരെ കത്തിക്കാട്ടി ഭീഷണിപ്പെടുത്തി. ഇവള്‍ എന്‍റെ ജീവിതം തകര്‍ത്തു എന്നയാള്‍ പറയുന്നുണ്ടായിരുന്നു.

ഒടുവില്‍ ഞാന്‍ വൈപ്പറെടുത്ത് അക്രമിയെ നേരിട്ടു. അയാളുടെ കൈയില്‍നിന്ന് കത്തി താഴെയിടാന്‍ എനിക്ക് കഴിഞ്ഞു. അപ്പോഴേക്കും ആളുകളും സഹായത്തിനെത്തി. അവസാനമായി അയാള്‍ പെണ്‍കുട്ടിയുടെ കഴുത്തില്‍ ആഴത്തില്‍ കുത്തിയതോടെ പെണ്‍കുട്ടിയുടെ നിലഗുരുതരമായി. ഓട്ടോയില്‍ കയറ്റി യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല' ഗിരാലാല്‍ പറഞ്ഞു. സംഭവത്തില്‍ 25കാരനായ മുഹമ്മദ് മുനാസിറിനെ നാട്ടുകാര്‍ പൊലീസില്‍ ഏല്‍പ്പിച്ചു. 

മുനാസിറും കൊല്ലപ്പെട്ട പെണ്‍കുട്ടിയും കഴിഞ്ഞ ഒരുവര്‍ഷത്തോളമായി അടുപ്പമുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇരുവരും അയല്‍ക്കാരായിരുന്നു. എന്നാല്‍ കുറച്ച് ദിവസമായി യുവതി ഇയാളില്‍നിന്ന് അകന്നു. ഇതില്‍ പ്രകോപിതനായാണ് കൊലപാതകമെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍, പൊലീസിന്‍റെ വാദം പെണ്‍കുട്ടിയുടെ കുടുംബം തള്ളി. കഴിഞ്ഞ കുറച്ച് ആഴ്ചകളായി മുനാസില്‍ യുവതിയുടെ കുടുംബം താമസിക്കുന്ന വീടിനടുത്താണ് താമസം. ഞങ്ങളുടെ വീടിന് മുന്നില്‍ മദ്യപിച്ച് കണ്ടതിനെ തുടര്‍ന്ന് അയാളെ പുറത്താക്കണമെന്ന് യുവതി വീട്ടുടമസ്ഥനോട് ആവശ്യപ്പെട്ടിരുന്നതായും സഹോദരങ്ങള്‍ പറഞ്ഞു.

സഹോദരങ്ങളോടൊപ്പമാണ് യുവതിയുടെ താമസം.ജോലി കഴിഞ്ഞ് മടങ്ങിയ യുവതിയെ വൈകുന്നേരം ആറരയോടെയാണ് ഏറെ തിരക്കുള്ള മാര്‍ക്കറ്റില്‍ വച്ച് അക്രമി കുത്തിവീഴ്ത്തിയത്.