ഒക്ടോബർ ഒൻപതിനാണ് ശിവ ശർമ ലഖ്നൗവിലെ അവാദ് ഗ്രീൻ അപ്പാർട്ട്മെന്റിലെ നാലാംനിലയിലെ ഫ്ളാറ്റിൽനിന്ന് വീണ് മരിച്ചത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും മരണത്തിന് മുൻപ് ശിവ ശർമയ്ക്ക് ക്രൂരമായ മർദനമേറ്റിരുന്നതായും കുടുംബം ആരോപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ശിവ ശർമയുടെ പെൺസുഹൃത്തും ലിവ് ഇൻ പങ്കാളിയുമായ ശ്രദ്ധ ദുബെയ്ക്കെതിരേ കേസെടുത്തത്.
ലഖ്നൗ: കഫേ ഉടമയായ യുവാവിനെ ഫ്ളാറ്റിൽനിന്ന് വീണ് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ മോഡലും സോഷ്യൽ മീഡിയ ഇൻഫ്ളൂവൻസറുമായ യുവതിക്കെതിരേ കൊലക്കുറ്റം ചുമത്തി കേസെടുത്തു. ലഖ്നൗവിലെ ശിവ ശർമ(28)യുടെ മരണത്തിലാണ് പെൺസുഹൃത്തായ ശ്രദ്ധ ദുബെയ്ക്കെതിരേ പൊലീസ് കേസെടുത്തത്. ശ്രദ്ധയുടെ സഹോദരി രശ്മി ദുബെയും ഇവരുടെ ഡ്രൈവറും മറ്റുരണ്ടുപേരും കേസിലെ പ്രതികളാണ്.
ഒക്ടോബർ ഒൻപതിനാണ് ശിവ ശർമ ലഖ്നൗവിലെ അവാദ് ഗ്രീൻ അപ്പാർട്ട്മെന്റിലെ നാലാംനിലയിലെ ഫ്ളാറ്റിൽനിന്ന് വീണ് മരിച്ചത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും മരണത്തിന് മുൻപ് ശിവ ശർമയ്ക്ക് ക്രൂരമായ മർദനമേറ്റിരുന്നതായും കുടുംബം ആരോപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ശിവ ശർമയുടെ പെൺസുഹൃത്തും ലിവ് ഇൻ പങ്കാളിയുമായ ശ്രദ്ധ ദുബെയ്ക്കെതിരേ കേസെടുത്തത്.
കഴിഞ്ഞ അഞ്ചുമാസമായി ശിവ ശർമയും സോഷ്യൽ മീഡിയ ഇൻഫ്ളൂവൻസറായ ശ്രദ്ധ ദുബെയും ഒരുമിച്ചാണ് താമസമെന്നാണ് കുടുംബം പറയുന്നത്. മകനെ മർദിച്ച് അവശനാക്കിയശേഷം ഫ്ളാറ്റിൽനിന്ന് താഴേക്ക് എറിഞ്ഞ് കൊലപ്പെടുത്തിയതെന്നാണ് ശിവ ശർമയുടെ അമ്മ രഞ്ജന ശർമയുടെ പരാതി. മകന്റെ ശരീരത്തിൽ നിരവധി മുറിവേറ്റ പാടുകളുണ്ടെന്നും കണ്ണുകളും താടിയെല്ലും ഉൾപ്പെടെ തകർന്നതായും കാലും വാരിയെല്ലുകളും ഒടിഞ്ഞതായും ഇവർ പറഞ്ഞിരുന്നു.
ശിവ ശർമയുടെ ശരീരത്തിൽ ശ്രദ്ധ ദുബെ സിഗരറ്റ് കൊണ്ട് പൊള്ളലേൽപ്പിച്ചതായും ആരോപണമുണ്ട്. ശരീരമാസകലം പൊള്ളലേറ്റ പാടുകളുണ്ടെന്നും മുഖത്ത് ലിപ്സ്റ്റിക്ക് തേച്ചതിന്റെ അടയാളങ്ങളുണ്ടെന്നും പരാതിയിൽ പറയുന്നു. മകന്റെ ദേഹത്ത് മേക്കപ്പ് ചെയ്തനിലയിലായിരുന്നു. മരണസമയത്ത് അടിവസ്ത്രം മാത്രമാണ് മകന്റെ ശരീരത്തിലുണ്ടായിരുന്നതെന്നും രഞ്ജന ശർമ പറഞ്ഞു. മകന്റെ മരണത്തിന് ഒരാഴ്ച മുൻപ് ശ്രദ്ധ ദുബെ കടയിലെത്തി മകനെ ഭീഷണിപ്പെടുത്തിയതായും രഞ്ജന ശർമ ആരോപിച്ചിരുന്നു.
അതേസമയം, ശിവ ശർമയുടെ മരണത്തിൽ പൊലീസ് ഫ്ളാറ്റിലടക്കം പരിശോധന നടത്തി. ഫ്ളാറ്റിലെ സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചു. ശിവ ശർമ താഴേക്ക് വീഴുന്ന ദൃശ്യങ്ങളും പിന്നാലെ ആളുകൾ ഓടിക്കൂടുന്ന ദൃശ്യങ്ങളും കണ്ടെടുത്തിട്ടുണ്ട്. ശ്രദ്ധ ദുബെയുടെ ഫ്ളാറ്റിൽ നടത്തിയ പരിശോധനയിൽ സെക്സ് ടോയ്സും ലൈംഗിക ഉത്തേജന മരുന്നുകളും കണ്ടെടുത്തു. ഇതിനിടെ, ശിവ ശർമയുടെ മരണത്തിന് പിന്നാലെ ഫ്ളാറ്റിലെത്തിയ ഒരു ആഡംബര കാർ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. സെക്രട്ടറിയേറ്റ് എന്ന ബോർഡ് വെച്ച കാറാണ് ഫ്ളാറ്റിലെത്തിയത്. ആരാണ് കാറിലുണ്ടായിരുന്നതെന്നും എന്തിനാണ് ഇവർ വന്നതെന്നതും പൊലീസ് പരിശോധിച്ചുവരികയാണ്. ശ്രദ്ധ ദുബെയും ശിവ ശർമയും തമ്മിലുള്ള ചാറ്റുകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. അവസാനദിവസങ്ങളിൽ ഇരുവരും തമ്മിൽ വഴക്കിട്ടിരുന്നതായാണ് ചാറ്റുകളിൽനിന്നുള്ള സൂചന. ഇക്കാര്യങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്.
ആരാണ് ശ്രദ്ധ ദുബെ?...
ഇൻസ്റ്റഗ്രാമിൽ ഒന്നരലക്ഷത്തോളം ഫോളോവേഴ്സുള്ള കണ്ടന്റ് ക്രിയേറ്ററും മോഡലുമാണ് ശ്രദ്ധ ദുബെ. വിവാഹിതയായ ഇവർക്ക് ഒരു മകനുണ്ട്. എന്നാൽ, 2022-ൽ വിവാഹമോചനം നേടി. തുടർന്ന് ഒറ്റയ്ക്കായിരുന്നു താമസം.
ലഖ്നൗവിൽ താമസം ആരംഭിക്കുന്നതിന് മുൻപ് ഹൈദരാബാദിലായിരുന്നു ശ്രദ്ധ ദുബെ താമസിച്ചിരുന്നത്. ഇവിടെവെച്ചാണ് ഫാഷൻ, മോഡലിങ് രംഗത്ത് സജീവമായത്. ലഖ്നൗവിൽ എത്തിയശേഷവും മോഡലിങ് രംഗത്ത് തിളങ്ങി. ചില സംഗീത ആൽബങ്ങളിലും അഭിനയിച്ചിരുന്നു.
മരിച്ച ശിവ ശർമ ലഖ്നൗവിലെ ബിസിനസുകാരനാണ്. ശിവ ശർമയെ അടുത്തിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഗോമതി നഗറിൽ വെടിയുതിർത്ത സംഭവവുമായി ബന്ധപ്പെട്ടാണ് ശിവ ശർമ അറസ്റ്റിലായത്. കേസെടുത്തതിന് പിന്നാലെ ഒളിവിൽപോയ ഇയാളെ ബിഹാറിലെ പട്നയിൽന്നാണ് പൊലീസ് പിടികൂടിയത്. തുടർന്ന് റിമാൻഡിലായ പ്രതി പിന്നീട് ജാമ്യത്തിലിറങ്ങുകയായിരുന്നു.


