26കാരിയും 21കാരി വിവാഹം നിശ്ചയിച്ചിരുന്ന യുവാവും തമ്മിൽ പ്രണയത്തിലായിരുന്നു. വിവാഹത്തിൽ നിന്ന് പിന്മാറണമെന്ന് 26 കാരി ആവശ്യപ്പെട്ടിട്ടും വഴങ്ങാതെ വന്നതാണ് ആക്രമണത്തിന് കാരണമായത്.

ദില്ലി: കാമുകൻ പ്രണയത്തിൽ നിന്ന് പിന്മാറി മറ്റൊരു യുവതിയുമായി വിവാഹത്തിന് ഒരുങ്ങി. പ്രതിശ്രുത വധുവിന്റെ നേരെ ആസിഡ് ആക്രമണവുമായി യുവതി. ദില്ലിയിലെ ഇന്ദിരാ വിഹാറിലാണ് ഞെട്ടിക്കുന്ന ആക്രമണം നടന്നത്. മെഹന്ദി ആഘോഷങ്ങൾക്കിടെയാണ് 21കാരിയുടെ നേർക്ക് പ്രതിശ്രുത വരന്റെ കാമുകിയുടെ ആക്രമണം ഉണ്ടായത്. ഏപ്രിൽ 19ന് വിവാഹം നിശ്ചയിച്ച 21കാരി ആസിഡ് ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിയുകയാണ്. ഗുരു തേജ് ബഹാദുർ ആശുപത്രിയിലാണ് കഴിയുന്ന യുവതിയുടെ നില ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതർ വിശദമാക്കുന്നത്. 26കാരിയായ യുവതിയാണ് ആക്രമണത്തിന് പിന്നിൽ. 26കാരിയും 21കാരി വിവാഹം നിശ്ചയിച്ചിരുന്ന യുവാവും തമ്മിൽ പ്രണയത്തിലായിരുന്നു. വിവാഹത്തിൽ നിന്ന് പിന്മാറണമെന്ന് 26 കാരി ആവശ്യപ്പെട്ടിട്ടും വഴങ്ങാതെ വന്നതാണ് ആക്രമണത്തിന് കാരണമായത്. അഞ്ച് സഹോദരിമാരും ഒരു സഹോദരനുമാണ് പരിക്കേറ്റ 21കാരിക്കുള്ളത്. അധ്യാപന പരിശീലനം പൂർത്തിയാക്കിയ 26കാരിയാണ് ആസിഡ് ആക്രമണം നടത്തിയത്.

സംഭവത്തിൽ ഗോകുൽപുരി പൊലീസ് സ്‌റ്റേഷനിൽ ഭാരതീയ ന്യായ സംഹിത സെക്ഷൻ 124(1) പ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഫോറൻസിക് സംഘം സംഭവസ്ഥലം സന്ദർശിച്ച് തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. വരനുമായി പ്രണയത്തിലായിരുന്ന 26 വയസ്സുകാരിയാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് വിശദമാക്കുന്നത്. 21കാരിയുടെ വീട്ടിൽ മെഹന്ദി ചടങ്ങിനുള്ള ഒരുക്കങ്ങൾക്കിടെയാണ് പ്രതി യുവതിയുടെ ദേഹത്ത് ആസിഡ് ഒഴിച്ചത്. അഞ്ച് സഹോദരിമാരും ഒരു സഹോദരനുമടങ്ങുന്ന വലിയ കുടുംബത്തിലെ അംഗമായ ഇരയായ പെൺകുട്ടി പഠനത്തിൽ മികവ് പുലർത്തിയിരുന്നതായും അയൽവാസികൾ പറഞ്ഞു.

 പ്രതിയും മികച്ച വിദ്യാഭ്യാസം നേടിയവളാണെന്നും അധ്യാപക യോഗ്യതാ പരീക്ഷ പാസായിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.വിവാഹത്തിന് തൊട്ടുമുമ്പ് നടന്ന ഈ ക്രൂരകൃത്യം പ്രദേശവാസികളെ ഞെട്ടിച്ചിരിക്കുകയാണ്. അറസ്റ്റിലായ പ്രതിക്കെതിരെ കർശന നടപടി വേണമെന്ന് കുടുംബാംഗങ്ങളും നാട്ടുകാരും ആവശ്യപ്പെടുന്നത്.ഇതുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം