കുട്ടിയുടെ അമ്മയായ രതിയെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്ന പ്രതി അവരുടെ ബന്ധത്തിനും വിവാഹത്തിനും ഈ കുഞ്ഞ് ഒരു തടസ്സമാണെന്ന് കരുതിയാണ് ക്രൂരകൃത്യം ചെയ്തതെന്നാണ് പൊലീസിന് നൽകിയിരിക്കുന്ന മൊഴി

ഫിറോസാബാദ്: ഭർത്താവുമായി പിണങ്ങി കഴിയുന്ന യുവതിയെ വിവാഹം ചെയ്യുന്നതിൽ തടസമായത് ഒന്നരവയസുള്ള കുഞ്ഞ്. പിഞ്ചുകുഞ്ഞിനെ തുടർച്ചയായി നിലത്തേക്ക് എറിഞ്ഞുകൊലപ്പെടുത്തി യുവാവ്. ഉത്തർ പ്രദേശിലെ ഫിറോസാബാദിലാണ് ഞെട്ടിക്കുന്ന സംഭവം. കുട്ടിയുടെ അമ്മയെ വിവാഹം ചെയ്യാൻ ഉദ്ദേശിച്ച് നടന്ന യുവാവാണ് ക്രൂരതയ്ക്ക് പിന്നിൽ. വിരാജ് എന്ന യുവാവാണ് ക്രൂരമായ ഈ കൊലപാതകം നടത്തിയത്. കുട്ടിയുടെ അമ്മയായ രതിയെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്ന പ്രതി അവരുടെ ബന്ധത്തിനും വിവാഹത്തിനും ഈ കുഞ്ഞ് ഒരു തടസ്സമാണെന്ന് കരുതിയാണ് ക്രൂരകൃത്യം ചെയ്തതെന്നാണ് പൊലീസിന് നൽകിയിരിക്കുന്ന മൊഴി. ഭീകരമായ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കുട്ടിയുടെ ബന്ധുവിന്റെ വീടിന് പുറത്തുള്ള വിജനമായ ഒരു വഴിയിലൂടെ പ്രതി കുഞ്ഞിനെ എടുത്തു കൊണ്ടുപോകുന്നതും, അതിനുശേഷം നിരന്തരമായി കുഞ്ഞിനെ തറയിലേക്ക് വലിച്ചെറിയുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ക്രൂരമായ ഈ ആക്രമണത്തിന് ശേഷം കുട്ടി യാതൊരു ചലനവുമില്ലാതെ റോഡിൽ കിടക്കുകയായിരുന്നു. ഉടൻ തന്നെ ബന്ധുക്കൾ കുട്ടിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. പൊലീസ് നൽകുന്ന വിവരമനുസരിച്ച് സുമിത് എന്നയാളുടെ ഭാര്യയായ രതിയുടെ മകനാണ് കൊല്ലപ്പെട്ട ആരവ് എന്ന ഒന്നര വയസ്സുകാരൻ. ഭർത്താവുമായി അകന്നു കഴിയുകയായിരുന്ന രതിയെ വിവാഹം കഴിക്കാൻ വിരാജ് ആഗ്രഹിച്ചിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച രതി തന്റെ സ്വന്തം വീട്ടിൽ നിന്നും ഷിക്കോഹാബാദിലുള്ള അമ്മായിയുടെ വീട്ടിലേക്ക് വന്നിരുന്നു. 

Scroll to load tweet…

രതി ഇവിടെ എത്തിയിട്ടുണ്ടെന്ന വിവരം മനസ്സിലാക്കിയ വിരാജ് അവിടെയെത്തുകയും, കുട്ടിക്ക് മിഠായി വാങ്ങി നൽകാമെന്ന് പറഞ്ഞ് കൂടെക്കൂട്ടുകയുമായിരുന്നു. തുടർന്നാണ് വിജനമായ വഴിയിൽ വെച്ച് കുഞ്ഞിനെ ക്രൂരമായി തറയിലടിച്ച് കൊലപ്പെടുത്തിയത്. സംഭവം അറിഞ്ഞയുടൻ പൊലീസ് സ്ഥലത്തെത്തി കുട്ടിയുടെ മൃതദേഹം ഇൻക്വസ്റ്റ് നടത്തി പോസ്റ്റുമോർട്ടത്തിനായി അയച്ചു. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രതിക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കുകയും പ്രദേശങ്ങളിൽ കർശനമായ ഉപരോധം ഏർപ്പെടുത്തുകയും ചെയ്തു. പിന്നീട് പൊലീസുമായുള്ള ഏറ്റുമുട്ടലിനൊടുവിൽ കാലിന് പരിക്കേറ്റ പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം