തൃശൂരിൽ വയോധികയെ ആക്രമിച്ച് മൂന്ന് പവന്‍ തൂക്കമുള്ള സ്വര്‍ണ വളകള്‍ കവര്‍ന്നയാൾ പിടിയിലായി. കണ്ണൂര്‍ തലശ്ശേരി സ്വദേശി റോഷന്‍ ആണ് അറസ്റ്റിലായത്. മെയ് 30 പുലര്‍ച്ചെ ആണ് തൃശൂർ വാഴക്കുന്ന് സ്വദേശിയായ വയോധികയെ ആക്രമിച്ച് സ്വർണം കവർന്നത്. 

തൃശൂര്‍: പള്ളിയിലേക്ക് പോവുകയായിരുന്ന വയോധികയെ ആക്രമിച്ച് മൂന്ന് പവന്‍ തൂക്കമുള്ള സ്വര്‍ണ വളകള്‍ കവര്‍ന്ന പ്രതി അറസ്റ്റില്‍. കണ്ണൂര്‍ തലശ്ശേരി തിരുവങ്കാട് ഗീതം നിവാസില്‍ റോഷന്‍ (46) ആണ് അറസ്റ്റിലായത്. കണ്ണൂരിലെ ഒരു പ്രമുഖ ധനകാര്യ സ്ഥാപനത്തില്‍ ഓണ്‍ലൈന്‍ ലോണ്‍ അപ്രൂവല്‍ ഓഫീസറായി ജോലി നോക്കുന്ന പ്രതി ആര്‍ഭാട ജീവിതം നയിക്കാനാണ് സ്വര്‍ണം കവര്‍ന്നതെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷമായി പ്രതി പോട്ട വാഴക്കുന്നിലെ വാടക വീട്ടിലാണ് താമസിച്ചിരുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മെയ് 30 പുലര്‍ച്ചെ 5:25 ഓടെയാണ് കവര്‍ച്ച നടന്നത്. വാഴക്കുന്ന് സ്വദേശിയായ വയോധിക പോട്ട ലിറ്റില്‍ ഫ്ലവര്‍ പള്ളിയിലേക്ക് ഉറുമ്പന്‍കുന്ന് - എഡി കറന്റ് റോഡ് വഴിയാണ് സ്ഥിരമായി പോകുന്നത്. ഇത് മനസ്സിലാക്കിയ പ്രതി വാഴക്കുന്നിന് സമീപമുള്ള വിജനമായ സ്ഥലത്തുവെച്ച് വൃദ്ധയെ ആക്രമിച്ച് മുഖം പൊത്തിപിടിച്ച് ആളൊഴിഞ്ഞ പറമ്പിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി.

തുടര്‍ന്ന് ക്രൂരമായി ഉപദ്രവിച്ച് അബോധാവസ്ഥയിലാക്കുകയും കൈയ്യിലെ ഒരു പവന്‍ വീതം തൂക്കമുള്ള മൂന്ന് സ്വര്‍ണ വളകള്‍ കവര്‍ന്നെടുത്ത് കടന്നുകളയുകയും ചെയ്തു. ആര്‍ഭാട ജീവിതം മൂലമുണ്ടായ സാമ്പത്തിക ബാധ്യത തീര്‍ക്കാനാണ് കവര്‍ച്ച നടത്തിയതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. വയോധിക നൽകിയ സൂചനകള്‍ മനസിലാക്കി പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

ചാലക്കുടി ഡിവൈഎസ്പി കെ പി ബെന്നി, ഇന്‍സ്പെക്ടര്‍ ടി ശശികുമാര്‍, പ്രൊബേഷന്‍ എസ് ഐ വൈശാഖ്, ഡാന്‍സാഫ് ടീം അംഗങ്ങളായ സതീശന്‍ മടപ്പാട്ടില്‍, പി എം മൂസ, വി യു സില്‍ജോ, എ യു റെജി, എം ജെ ബിനു തുടങ്ങിയവരും ഉണ്ടായിരുന്നു.