തിരുവനന്തപുരം: ഒപ്റ്റിക്കല്‍ ഷോപ്പില്‍ ജീവനക്കാരിയുടെ കാമുകന്‍ സ്ഥിരം സന്ദര്‍ശകനായി. ജീവനക്കാരിയോട് മോശമായി പെരുമാറിയ ഷോപ് ഉടമയ്ക്ക് ജീവനക്കാരിയുടെ കാമുകന്‍റേയും സുഹൃത്തുക്കളുടേയും മര്‍ദനം. അക്രമം നടത്തിയ അഞ്ചംഗ സംഘത്തെ കടയുടമയുടെ സുഹൃത്ത് കുടുക്കി. കവടിയാര്‍, വിഴിഞ്ഞം സ്വദേശികളായ അഞ്ച് യുവാക്കളെയാണ് പൊലീസ് പിടികൂടിയത്. 

അതേസമയം പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന ജീവനക്കാരിയുടെ പരാതിയില്‍ കടയുടമയ്ക്കെതിരെ കേസെടുത്തു. അഞ്ചംഗ സംഘത്തിന്‍റെ മര്‍ദനമേറ്റ കടയുടമ  ആശുപത്രിയില്‍ ചികില്‍സയിലാണ്. മെഡിക്കല്‍ കോളേജ് റോഡിലെ ഒപ്റ്റിക്കല്‍ ഷോപ്പില്‍ ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. ഷോപിലെ ജീവനക്കാരിയുടെ കാമുകന്‍ കടയിലെ പതിവ് സന്ദര്‍ശകനായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട ഷോപ്പുടമ യുവതിയെ കടയില്‍ നിന്ന് പുറത്താക്കി. 

ഇതിന്‍റെ പേരില്‍ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായത് ഈ സമയം കടയുടെ പുറത്തുണ്ടായിരുന്ന കാമുകന്‍ ഏറ്റുപിടിക്കുകയായിരുന്നു. ഇയാളും സ്ഥാപന ഉടമയുമായി തര്‍ക്കമായി. കുറച്ച് സമയത്തിന് ശേഷം ഇയാള്‍ തിരിച്ച് പോയി, സുഹൃത്തുക്കളുമായി തിരികെയെത്തുകയായിരുന്നു. യുവാവ് തിരികെയെത്തുമെന്ന് പ്രതീക്ഷിച്ച ഷോപ്പുടമ സുഹൃത്തിനെ കടയില്‍ വിളിച്ചുവരുത്തി. 

ജീവനക്കാരിയുടെ കാമുകനും സുഹൃത്തുക്കളും മര്‍ദനം ആരംഭിച്ചതോടെ കടയുടമയുടെ സുഹൃത്ത് കടയുടെ ഷട്ടര്‍ ഇടുകയായിരുന്നു. അഞ്ചംഗ സംഘത്തെ പൊലീസ് ജാമ്യത്തില്‍ വിട്ടു. സംഭവം രാഷ്ട്രീയ നേതാക്കളുടെ മധ്യസ്ഥതയില്‍ തീര്‍ക്കാന്‍ ശ്രമിച്ചെങ്കിലും ഒത്തുതീര്‍പ്പിലെത്താത്തതോടെ പൊലീസ് കേസെടുക്കുകയായിരുന്നു.