ഗുരുഗ്രാം: മൂന്ന് മാസം ജോലി ചെയ്തതിന്റെ വേതനം ആവശ്യപ്പെട്ട തൊഴിലാളിയുടെ കഴുത്തറുത്ത് കൊലപ്പെടുത്തി. സംഭവത്തിൽ 25 കാരനായ പച്ചക്കറി കടയുടമയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. ഇയാൾ ഒളിവിലാണ്.

ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. രാജസ്ഥാനിലെ സികർ സ്വദേശിയായ റോഷൻ കുമാർ സ്വാമിയാണ് കൊല്ലപ്പെട്ടത്. തരുൺ ഫൊഗട്ട് എന്ന പച്ചക്കറി ഉടമയ്ക്ക് ഒപ്പമാണ് ഇയാൾ താമസിച്ചിരുന്നത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ഇവർ താമസിച്ചിരുന്ന വീടിന്റെ ഉടമയാണ് പൊലീസിനെ വിളിച്ചത്. വാതിലിൽ കുറേ തവണ മുട്ടിയിട്ടും തുറക്കുന്നില്ലെന്നും ലൈറ്റും ഫാനും ഓണായി കിടക്കുകയാണെന്നും പറഞ്ഞാണ് ഉടമ പൊലീസിനെ വിളിച്ചത്.

തുടർന്ന് പൊലീസെത്തി വീടിന്റെ വാതിൽ തകർത്ത് അകത്ത് കടന്നപ്പോൾ റോഷൻ കുമാർ സ്വാമിയെ കസേരയിൽ കെട്ടിയിട്ട് കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിലായിരുന്നു. ഇയാളുടെ ശരീരത്തിൽ നിരവധി മുറിവുകൾ ഉണ്ടായിരുന്നു.

കുടുംബാംഗങ്ങളെത്തി മൃതദേഹം ഏറ്റുവാങ്ങി. അച്ഛന്റെ മരണത്തെ തുടർന്ന് കുടുംബം സാമ്പത്തിക ബുദ്ധിമുട്ടിലായപ്പോഴാണ് റോഷൻ ഗുരുഗ്രാമിലെത്തിയത്. പത്ത് മാസം മുൻപ് ഇദ്ദേഹത്തിന്റെ ജ്യേഷ്ഠനും മരിച്ചിരുന്നു. റോഷന്റെ സഹോദരൻ മനോജ് കുമാർ സികറിൽ ഒരു കോൺട്രാക്ടർക്ക് ഒപ്പമാണ് താമസിക്കുന്നത്. മാസം 15000 രൂപ വേതനത്തിനാണ് റോഷൻ ഗുരുഗ്രാമിലെ കടയിൽ ജോലിക്ക് ചേർന്നത്.

റോഷന്റെ ഭാര്യ സികറിൽ കുടുംബത്തോടൊപ്പമാണ് കഴിയുന്നത്. മൂന്ന് മാസം മുൻപ് ഫൊഗട്ട് ഈ കട വാങ്ങിയിരുന്നു. മുൻ ഉടമ മൂന്ന് മാസത്തെ വേതനം നൽകാനുണ്ടായിരുന്നു. റോഷന് ഈ തുക നൽകാതെയാണ് ഇയാൾ കട വിറ്റത്. എന്നാൽ കട വാങ്ങിയ ഫൊഗട്ട്, റോഷനെ പിരിച്ചുവിട്ടില്ല. മൂന്ന് മാസത്തെ വേതനം റോഷന് കിട്ടിയതുമില്ല. ജോലിക്ക് ചേർന്നപ്പോൾ ഈ പണം റോഷൻ ഫൊഗട്ടിനോട് ആവശ്യപ്പെട്ടിരുന്നുവെന്നും അത് നൽകാമെന്ന് ഫൊഗട്ട് സമ്മതിച്ചിരുന്നുവെന്നുമാണ് റോഷന്റെ കുടുംബം പറയുന്നത്.

റോഷന്റെ മൃതദേഹത്തിൽ 12 ഓളം മുറിവുകളുണ്ടായിരുന്നു. എന്നാലും കഴുത്തറുത്തതാണ് മരണകാരണം. പ്രതിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു.