സിംഗ്‌ഭൂം: ഭാര്യ രോഗിയായതിന് പിന്നിൽ ബന്ധുക്കളായ വയോധിക ദമ്പതികൾ നടത്തിയ മന്ത്രാവാദമാണെന്ന് സംശയിച്ച്, ഇരുവരെയും യുവാവ് കൊലപ്പെടുത്തി. ഝാർഖണ്ഡിലെ സിംഗ്ഭൂം ജില്ലയിലാണ് സംഭവം. തിങ്കളാഴ്ച രാത്രിയാണ് ഒറിന്ത് ടുഡു(70), ഭാര്യ കോകി ടുഡു(60) എന്നിവരെ സുഖ്‌ലാൽ ടുഡു(30) കൊലപ്പെടുത്തിയത്.

ഇരുവരും ഉറങ്ങിക്കിടക്കുന്നതിനിടെ മൂർച്ചയേറിയ കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തിയെന്നാണ് നിഗമനം.

ഒരു വർഷമായി സുഖ്‌ലാലിന്റെ ഭാര്യ അസുഖബാധിതയായി കിടപ്പിലാണ്. ഡോക്ടർമാർ പരിശോധിച്ചിട്ടും രോഗം മാറാതിരുന്നതിനെ തുടർന്ന് സുഖ്‌ലാൽ കാരണം അറിയാൻ മന്ത്രവാദിയുടെ അടുക്കലെത്തി. ഇയാളാണ് ഭാര്യയുടെ മേൽ വൃദ്ധ ദമ്പതികളായ ബന്ധുക്കൾ മന്ത്രവാദം പ്രയോഗിക്കുന്നുണ്ടെന്ന് പറഞ്ഞത്.

കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ സുഖ്‌ലാലിനെ പൊലീസ് അറസ്റ്റ് ചെയ്തു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.