കോട്ടയം: മേലുകാവിൽ മോഷണക്കേസിൽ അറസ്റ്റിലായ രാജേഷ് എന്ന യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ എസ്ഐ കെ.ടി സന്ദീപിനെ ക്രൈംബ്രാഞ്ച് പ്രതി ചേർത്തു. അന്യായ തടങ്കൽ അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. രാജേഷ്, നിരപരാധിയാണെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ട ശേഷമാണ് അത്മഹത്യ ചെയ്തത്.

മേലുകാവ് എസ് ഐ കെ ടി സന്ദീപ് മർദ്ദിച്ചുവെന്നാരോപിച്ച ശേഷമായിരുന്നു മോഷണക്കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത രാജേഷിന്‍റെ ആത്മഹത്യ. മരിക്കുന്നതിന് മുൻപ് രാജേഷ് എടുത്ത വീഡിയോയുടെ അടിസ്ഥാനത്തിൽ പൊലീസ് സ്വമേധയെ കേസ് എടുത്തിരുന്നു. 

മോഷണക്കേസിന്‍റെ അന്വേഷണം എസ്ഐയിൽ നിന്ന് മാറ്റിയിരുന്നു. ഈരാറ്റുപേട്ട സിഐക്കാണ് ചുമതല. എസ്ഐ നേരത്തെ നടത്തിയ അന്വേഷണത്തിൽ എന്തെങ്കിലും അപാകതയുണ്ടോയെന്നും പരിശോധിക്കും. നീലൂർ ടൗണിന് സമീപം ഉറവിള ബസ്സ്റ്റാൻഡിൽ വച്ച് വീട്ടമ്മയുടെ മാല കാറിലെത്തി അപഹരിച്ചുവെന്നാണ് കേസ്. 16നാണ് സംഭവം. 28നാണ് ജാമ്യത്തിലിറങ്ങിയത്.