കോഴിക്കോട്: എല്ലാവരോടും ഒന്നേ പറയാനുള്ളൂ. എല്ലാ മരണവും സ്വാഭാവികമായിരിക്കും എന്ന് നമ്മള്‍ വിചാരിക്കണ്ട. പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നതും കീറിമുറിക്കുന്നതും വലിയ അപരാധമായി നാം പറയുന്നു. 17 വര്‍ഷം മുന്‍പ് മരിച്ച അച്ഛന്‍റേയും അമ്മയുടേയും അസ്ഥി കണ്ടാണ് ആ തെറ്റിന് ഞാന്‍ വില കൊടുത്തത്... കൂടത്തായി കൊലപാതക പരമ്പരയില്‍ മരിച്ച അന്നമ്മയുടേയും ടോം തോമസിന്‍റേയും മകള്‍ റോയിയുടെ സഹോദരി റെഞ്ചിയുടെ വാക്കുകളാണിത്.

സംശയകരമായ സാഹചര്യത്തില്‍ പോസ്റ്റ്മോര്‍ട്ടം നടത്താന്‍ നമ്മള്‍ മടിക്കരുത്. പിന്നീടൊരു സംശയത്തിന് അതോടെ അവസരമില്ലാതാകുമെന്നും അവര്‍ പറയുന്നു. ഞാനും സഹോദരനും ഒരുപാട് കഷ്ടപ്പെട്ടു. കുടുംബത്തില്‍ നിന്നോ നാട്ടില്‍ നിന്നോ ഒരു പിന്തുണയും ഞങ്ങള്‍ക്ക് കിട്ടിയില്ല.  ആരേയും തേജോവധം ചെയ്യാനോ കരിവാരി തേയ്ക്കാനോ ഞങ്ങള്‍ ശ്രമിച്ചിട്ടില്ല. അച്ഛന്‍റേയും അമ്മയുടേയും മരണത്തില്‍ എന്തേലും ദുരൂഹതയുണ്ടോ എന്ന സംശയം മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ. എന്നാല്‍ താങ്ങാന്‍ സാധിക്കാത്ത സത്യങ്ങളാണ് ഒടുവിലറിയേണ്ടി വന്നത്. 

ക്രൈംബ്രാഞ്ച് നല്ല രീതിയില്‍ അന്വേഷണം നടത്തിയത്.  17 അല്ല 25 വര്‍ഷമായാലും സത്യം തെളിയും എന്നതാണ് ഈ കേസില്‍ നിന്നും മനസ്സിലാക്കുന്നത്. ഫോറന്‍സിക് പരിശോധനയില്‍ ചിലപ്പോള്‍ ഈ കേസ് തെളിയിക്കാന്‍ പറ്റില്ലെന്ന്പറയുന്നു. അതൊന്നും ഞങ്ങളെ ബാധിക്കില്ല. ഞങ്ങളെ സംബന്ധിച്ച് ഞങ്ങള്‍ സത്യം അറിഞ്ഞു. ജോളിയുടേയും ഷാജുവിന്‍റേയും മക്കള്‍ ഇനി ഞങ്ങളുടെ മക്കളാണ്. റോയിയുടെ മൂത്തമകന്‍ റോമോ എന്‍റെ കൂടെയുണ്ട്. സത്യം തെളിയട്ടെ കുറ്റക്കാര്‍ ശിക്ഷിക്കപ്പെടട്ടേ എന്ന നിഷ്പക്ഷമായ തീരുമാനമാണ് അവന്‍ എടുത്തിട്ടുള്ളത്. 

ഇത് ദൈവം കാണിച്ചു തന്നെ വഴിയാണ്. എന്‍റെ മാതാപിതാക്കളുടെ മരണം കൊലപാതകമാണെന്ന് ഞാനൊരിക്കലും സംശയിച്ചിരുന്നില്ല. ഈ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടാണ് പുറകോട്ട് പുറകോട്ട് ചിന്തിപ്പിച്ചത്. നടന്ന പല കാര്യങ്ങളും ഓര്‍ത്തെടുത്തപ്പോള്‍  ചിത്രം തെളിഞ്ഞു. എനിക്ക് സംശയിക്കാന്‍ മാത്രമേ സാധിക്കുമായിരുന്നുള്ളൂ എന്നാല്‍ ക്രൈംബ്രാഞ്ച് അതു തെളിയിച്ചു. എസ്.പി സൈമണ്‍ സാറിനോടും ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഹരിദാസ് സാറിനോടും സ്പെഷ്യല്‍ ബ്രാഞ്ച് എസ്ഐ ജീവന്‍ സാര്‍ ബാക്കിയുള്ള ഉദ്യോഗസ്ഥര്‍ എല്ലാവരോടും നന്ദിയുണ്ട്. 

സ്വത്ത് കൈകലാക്കാന്‍ ജോളിയുണ്ടാക്കിയ ഒസ്യത്ത് വ്യാജമാണ്. അതില്‍ പല തിരുത്തലുകളുണ്ടായിരുന്നു. ആദ്യം കിട്ടിയ ഒസത്യത്തില്‍ തീയതിയോ സ്റ്റാമ്പുകളോ സാക്ഷികളോ ഉണ്ടായിരുന്നില്ല. എന്നാല്‍ പിന്നീട് ഇതൊക്കെ വന്നു. ഒസത്ത്യല്‍ ഞങ്ങള്‍ക്ക് അറിയാത്ത ആളുകളാണ് സാക്ഷികളായി വന്നത്. പല വ്യാജസത്യങ്ങളും പ്രചരിക്കാന്‍ തുടങ്ങിയതോടെയാണ് മാധ്യമങ്ങള്‍ക്ക് മുന്നിലേക്ക് വന്നത്. സത്യം സത്യമായി തെളിയട്ടെ. കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്നൊന്നും ഞാന്‍ പറയുന്നില്ല. എല്ലാം ക്രൈംബ്രാഞ്ച് കണ്ടെത്തട്ടെ. അച്ഛന്‍റേയും അമ്മയുടേയും മരണം സ്വാഭാവിക മരണമല്ല എന്ന സത്യം ഞങ്ങള്‍ തിരിച്ചറിഞ്ഞു.