ജോലി അന്വേഷിച്ചെത്തിയപ്പോൾ ഒരു ഹോട്ടലിന്‍റെ ഉടമയാണ് എന്നാണ് ഋഷിയെ പരിചയപ്പെടുത്തിയതെന്ന് യുവതി നൽകിയ പരാതിയിൽ പറയുന്നു.

ആൻഡമാൻ:  ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ മുൻ ചീഫ് സെക്രട്ടറി ജിതേന്ദ്ര നരേനൊപ്പം 21 കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ഒളിവിൽ കഴിയുന്ന ലേബർ കമ്മീഷണർ ആർഎൽ ഋഷിക്കെതിരെ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും. ഔദ്യോഗികമായി അവധിയിലായിരുന്ന ഋഷിയെ കണ്ടെത്താൻ എസ്‌ഐടിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഒന്നിലധികം തവണ ഇയാളോട് ഹജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും മറുപടി ലഭിച്ചില്ലെന്നും എസ്ഐടി വൃത്തങ്ങള്‍ പറയുന്നു. ജിതേന്ദ്ര നരേൻ വിദേശത്തേക്ക് കടക്കുന്നത് തടയാനായി വിമാനത്താവളങ്ങളിലെ എല്ലാ ഇമിഗ്രേഷൻ ഓഫീസുകളിലും മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന്‍റെ ഭാഗമായി കഴിഞ്ഞയാഴ്ച ജിതേന്ദ്ര നരേനെതിരെ എസ്ഐടി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. ലുക്ക്ഔട്ട് നോട്ടീസ് നടപടികൾ വൈകുന്നതിനാല്‍ ഋഷിയുടെ വിശദാംശങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ. 

ഇരയായ പെണ്‍കുട്ടിയുമായി ആദ്യം ബന്ധപ്പെടുകയും ഋഷിയെ പരിചയപ്പെടാൻ പ്രേരിപ്പിക്കുകയും ചെയ്ത റിങ്കുവിന്‍റെ ഹോട്ടൽ മുറിയിൽ നിന്ന് ഉദ്യോഗസ്ഥർ ഗര്‍ഭനിരോധന ഉറകൾ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പൂട്ടിക്കിടന്ന ഹോട്ടൽ മുറി കോടതി ഉത്തരവിനെ തുടർന്നാണ് തുറന്നത്. മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനായ നരേനെ എസ്ഐടി ചോദ്യം ചെയ്തു. എന്നാല്‍, അദ്ദേഹം ആരോപണങ്ങൾ നിഷേധിച്ചു. ചോദ്യം ചെയ്യലിൽ നരേന്‍ സഹകരിക്കുന്നില്ലെന്ന് എസ്‌ഐടി വൃത്തങ്ങൾ പറഞ്ഞു.

ഉന്നത ഉദ്യോഗസ്ഥര്‍ ഗുരുതര ക്രിമിനല്‍ കുറ്റങ്ങളില്‍ ഏര്‍പ്പെട്ടതിനാലാണ് അന്വേഷണം എസ്ഐടിയെ ഏല്‍പ്പിച്ചത്. ജോലി അന്വേഷിച്ചെത്തിയപ്പോൾ ഒരു ഹോട്ടലിന്‍റെ ഉടമയാണ് എന്നാണ് ഋഷിയെ പരിചയപ്പെടുത്തിയതെന്ന് യുവതി നൽകിയ പരാതിയിൽ പറയുന്നു. ഋഷി തന്നെ മുൻ ചീഫ് സെക്രട്ടറി നരേന്‍റെ വീട്ടിലേക്ക് കൊണ്ടുപോയി. അവിടെ മദ്യം വാഗ്ദാനം ചെയ്തെങ്കിലും നിരസിച്ചെന്നും പരാതിയില്‍ പറയുന്നു. തുടർന്ന് സർക്കാർ ജോലി വാഗ്ദാനം ചെയ്തു. പിന്നീട് രണ്ട് പുരുഷന്മാർ തന്നെ ക്രൂരമായും ലൈംഗികമായും ദുരുപയോഗം ചെയ്തുവെന്നും ഇവരുടെ പരാതിയില്‍ പറയുന്നതായി ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. ലൈംഗികാതിക്രമം സംബന്ധിച്ച് ആൻഡമാൻ നിക്കോബാർ പൊലീസ് കഴിഞ്ഞ ഒക്ടോബർ 16 ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് നല്‍കി. "ജിതേന്ദ്ര നരേൻ, ഐഎഎസിന്‍റെ ഭാഗത്ത് നിന്ന് ഗുരുതരമായ പെരുമാറ്റദൂഷ്യത്തിനും ഔദ്യോഗിക പദവി ദുരുപയോഗത്തിനും സാധ്യതയുണ്ടെന്ന് എന്ന് റിപ്പോർട്ടില്‍ സൂചിപ്പിച്ചിരുന്നു.