ജയ്‌പൂർ: ദളിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്തെന്ന സംഭവത്തിൽ ആറ് പൊലീസുദ്യോഗസ്ഥരെ പ്രതികളാക്കി രാജസ്ഥാനിൽ കേസ് രജിസ്റ്റർ ചെയ്തു. ജൂലൈ ആറിന് ഭർതൃ സഹോദരനെ ഇതേ പൊലീസുദ്യോഗസ്ഥർ കൊലപ്പെടുത്തിയെന്നും കൂട്ടബലാത്സംഗത്തിന് ഇരയായ യുവതി ആരോപിച്ചിട്ടുണ്ട്.

മോഷണക്കേസ് പ്രതികളെന്ന് ആരോപിച്ച് ഇരുവരെയും അറസ്റ്റ് ചെയ്ത ശേഷം പൊലീസ് സ്റ്റേഷനിലെത്തിച്ച് യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് ആരോപണം. പിന്നീട് ലോക്കപ്പ് മുറിയിൽ വച്ച് തന്നെ കൂട്ടബലാത്സംഗം ചെയ്തെന്നാണ് 35 കാരിയായ യുവതി പരാതിപ്പെട്ടിരിക്കുന്നത്.

ശനിയാഴ്ച ആശുപത്രിക്കിടക്കയിൽ യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പീഡിപ്പിക്കുന്നതിനിടെ പൊലീസുകാർ ക്രൂരമായി മർദ്ദിച്ചെന്നും യുവതി മൊഴി നൽകി. കണ്ണിനും കൈകൾക്കും കഴുത്തിലും പരിക്കേറ്റത് ഇങ്ങിനെയാണെന്നാണ് യുവതിയുടെ മൊഴി.

കേസിൽ ജുഡീഷ്യൽ അന്വേഷണത്തിനാണ് സംസ്ഥാന ആഭ്യന്തര വകുപ്പ് തുടക്കം കുറിച്ചിരിക്കുന്നത്. സംഭവത്തിന് പിന്നാലെ രാജസ്ഥാനിലെ ചുരുവിൽ പൊലീസ് സൂപ്രണ്ടിനെ നീക്കി. ഡിഎസ്‌പി ബൻവർ ലാലിനെ സസ്പെന്റ് ചെയ്തു. ഇദ്ദേഹത്തിനെതിരെ വിജിലൻസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.