ബെംഗളൂരു: കളിയാക്കിയതിന്റെ പേരിൽ സഹപാഠിയായ വിദ്യാർത്ഥിയെ പത്താം ക്ലാസ് വിദ്യാർത്ഥിയും മറ്റ് രണ്ട് സഹപാഠികളും ചേർന്ന് കുത്തി പരിക്കേൽപ്പിച്ചു. ബെംഗളൂരു ബസവേശ്വര നഗറിലുള്ള സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളാണ് സഹപാഠി ഉച്ചഭക്ഷണത്തിനു പുറത്തിറങ്ങിയ സമയത്ത് കുത്തി പരിക്കേൽപ്പിച്ചത്.

ദിവസങ്ങൾക്ക് മുമ്പ് ഗോവയിലേയ്ക്ക് സ്കൂളിൽ നിന്ന് ടൂർ പോയ സമയത്തുള്ള സംഭവമാണ് സുഹൃത്തിനെ കുത്തി പരിക്കേൽപ്പിക്കാൻ ഇവരെ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. ഗോവയിലെ ബീച്ചിൽ കളിക്കുന്ന സമയത്ത് തിരയിൽപ്പെട്ടു വീണപ്പോൾ പരിക്കേറ്റ വിദ്യാർത്ഥി കളിയാക്കി ചിരിച്ചെന്നും പിന്നീട്  ക്ലാസിലെ പെൺകുട്ടികളടക്കമുള്ളവർ വീണ്ടും ഇക്കാര്യം പറഞ്ഞു തന്നെ കളിയാക്കുകയുമായിരുന്നുവെന്ന് സംഭവത്തിൽ പിടിയിലായ വിദ്യാർത്ഥി പറയുന്നു.

ഇതേ തുടർന്ന് മറ്റ് രണ്ട് വിദ്യാർത്ഥികളുടെ സഹായം തേടുകയായിരുന്നു. കാലിന് സാരമായി പരിക്കേറ്റ വിദ്യാർത്ഥി ആശുപത്രിയിൽ ചികിത്സയിലാണ്. പിടിയിലായ വിദ്യാർത്ഥികളെ ജുവനൈൽ ഹോമിൽ പ്രവേശിപ്പിച്ചു.