ഭാര്യ അനുഷു ബാല(32), മക്കളായ പ്രത്മേഷ്(5), ആരവ്, ആകൃതി(4 വയസ്സുള്ള ഇരട്ടക്കുട്ടികള്‍) എന്നിവരാണ് മരിച്ചത്.  കൊലപാതകത്തിന് ശേഷം ഇയാള്‍ വിഷം കഴിച്ച് മരിക്കുകയായിരുന്നു. വിഷം കഴിക്കുന്ന വീഡിയോയും കുറ്റസമ്മതവും ഇയാള്‍ വീഡിയോയാക്കി കുടുംബ വാട്സ് ആപ് ഗ്രൂപ്പില്‍ പങ്കുവെച്ചു.

ഗാസിയബാദ്(യുപി): ഭാര്യയെയും മൂന്ന് മക്കളെയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്യുന്ന വിവരം കുടുംബ വാട്സ് ആപ് ഗ്രൂപില്‍ പങ്കുവെച്ച് യുവാവ് മരിച്ചു. ഗാസിയബാദിലെ ഇന്ദിരാപുരത്താണ് മനസാക്ഷിയെ ഞെട്ടിച്ച സംഭവം. സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ സുമിത് കുമാര്‍(34) ആണ് ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്. ഇയാളുടെ ഭാര്യ അനുഷു ബാല(32), മക്കളായ പ്രത്മേഷ്(5), ആരവ്, ആകൃതി(4 വയസ്സുള്ള ഇരട്ടക്കുട്ടികള്‍) എന്നിവരാണ് മരിച്ചത്. 

ഭാര്യയെയും കുട്ടികളെയും കുത്തിക്കൊലപ്പെടുത്തിയ ശേഷം ഇയാള്‍ വിഷം കഴിച്ച് മരിക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം പൊട്ടാസ്യം സയനൈഡ് കഴിയ്ക്കുന്ന വീഡിയോ ഇയാള്‍ കുടുംബ വാട്സ് ആപ്പില്‍ പങ്കുവെക്കുകയും കുടുംബത്തെ കൊലപ്പെടുത്തിയെന്ന് കുറ്റസമ്മതവും നടത്തി. മയക്കുമരുന്ന് നല്‍കി ബോധം കെടുത്തിയ ശേഷം കുത്തിക്കൊലപ്പെടുത്തിയെന്നാണ് ഇയാള്‍ പറഞ്ഞത്. ഒരു മെഡിക്കല്‍ സ‍്റ്റോര്‍ ഉടമ തന്നെ ഒരു ലക്ഷം രൂപ പറ്റിച്ചെന്നും ഇയാള്‍ പറഞ്ഞു. 

വിവരമറിഞ്ഞ് അനുഷുവിന്‍റെ സഹോദരന്‍ പങ്കജ് സിങ് താമസ സ്ഥലത്ത് എത്തി. പൂട്ടിയ വാതില്‍ തുറന്ന് അകത്തു കയറിയപ്പോള്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന കുട്ടികളെയും സഹോദരിയെയുമാണ് കണ്ടതെന്ന് പൊലീസിനോട് പറഞ്ഞു. 2011ലാണ് ഇവര്‍ വിവാഹിതരാകുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സാമ്പത്തികമായി പ്രയാസമനുഭവിക്കുകയാണെന്നും ഇതാണ് മരണകാരണമെന്നുമാണ് പ്രാഥമിക നിഗമനം.

നിരവധി കമ്പനികളില്‍ ജോലി ചെയ്തിരുന്നെങ്കിലും സാമ്പത്തികമായി മെച്ചപ്പെട്ടിരുന്നില്ല. അവസാനമായി ഡിസംബറില്‍ ഇയാള്‍ ജോലി രാജിവെച്ചു. ഭാര്യ സ്വകാര്യ സ്കൂളില്‍ അധ്യാപികയായി ജോലി ചെയ്യുന്നുണ്ട്. മൃതദേഹങ്ങള്‍ പോസ‍്റ്റ്മോര്‍ട്ടത്തിന് ശേഷം സംസ്കരിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.