അമ്മായി അമ്മ ബൈക്കിൽ പോവുന്നതിനിടെ അപസ്മാരം ഇളകി വീണെന്ന് വിശദമാക്കിയാണ് മരുമകൻ ഇവരെ ആശുപത്രിയിലെത്തിച്ചത്.

ഹൈദരബാദ്: ബൈക്ക് ഓടിക്കുന്നതിനിടെ പിന്നിലിരുന്ന അമ്മായിയമ്മയെ ഹെൽമറ്റിന് അടിച്ച് കൊന്ന് മരുമകൻ. കുഴഞ്ഞ് വീണുള്ള മരണമെന്ന് കരുതിയ സംഭവത്തിൽ നിർണായകമായത് സിസിടിവി ദൃശ്യങ്ങൾ. ഹൈദരബാദിലെ ചെംഗിചെർളയിലാണ് സംഭവം. 39കാരിയായ കൊല്ല അരുണയാണ് മരുമകനൊപ്പം ബൈക്കിൽ പോവുന്നതിനിടെ കൊല്ലപ്പെട്ടത്. ഏപ്രിൽ 29നായിരുന്നു സംഭവം. അമ്മായി അമ്മ ബൈക്കിൽ പോവുന്നതിനിടെ അപസ്മാരം ഇളകി വീണെന്ന് വിശദമാക്കിയാണ് മരുമകൻ ഇവരെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ പൊലീസ് എത്തി നടത്തിയ അന്വേഷണത്തിൽ 39 കാരിയെ മരുമകൻ ആക്രമിച്ചെന്ന് കണ്ടെത്തുകയായിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

കൊല്ല അരുണയുടെ മകൾ കാവ്യയെ സ്നേഹിത് എന്ന യുവാവാണ് ജാതി മാറി വിവാഹം ചെയ്തത്. ഒരു വർഷം മുൻപായിരുന്നു ഈ വിവാഹം. ഏപ്രിൽ 28ന് അരുണ മകളെയും മകനേയും വീട്ടിലേക്ക് ക്ഷണിച്ചിരുന്നു. എന്നാൽ സ്നേഹിതിനെ ഇത് പ്രകോപിതനാക്കിയ ഇയാൾ അരുണയെ നിരവധി തവണ ഫോൺ വിളിച്ച് അസഭ്യം പറഞ്ഞു. ഇതിന് പിന്നാലെ സ്നേഹിത് അരുണയെ നിർബന്ധിച്ച് ബൈക്കിൽ കയറ്റി. ബൈക്കിൽ പോവുന്നതിനിടെ ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഇതോടെയാണ് യുവാവ് പെട്രോൾ ടാങ്കിന് മുകളിൽ വെച്ചിരുന്ന ഹെൽമെറ്റ് എടുത്ത് അമ്മായി അമ്മയെ ബൈക്കിലിരുന്ന് തന്നെ ആക്രമിച്ചത്. അടിയേറ്റ് നിലത്ത് വീണ അരുണയെ അപസ്മാര ബാധിതയായി വീണതെന്ന പേരിൽ യുവാവ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാൽ 39കാരിയുടെ പരിക്കുകളിൽ സംശയം തോന്നിയ ആശുപത്രി ജീവനക്കാർ വിവരം പൊലീസിനെ അറിയിച്ചു.

Scroll to load tweet…

പൊലീസ് പരിസരത്തെ സസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ആക്രമണം പുറത്ത് വന്നത്. ചികിത്സയിൽ കഴിയുന്നതിനിടെയാണ് 39കാരി മരിച്ചത്. മനപൂർവ്വമല്ലാത്ത നരഹത്യയ്ക്കാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രകോപനത്തിന്റെ പുറത്ത് ചെയ്തതാണെന്നും കൊല്ലാൻ ഉദ്ദേശിച്ചിരുന്നില്ലെന്നുമാണ് പ്രതി പൊലീസിന് നൽകിയ മൊഴി. പ്രതിയെ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം