നടിയും ബിജെപി നേതാവുമായ സൊനാലി ഫോഗട്ടിന്റെ മരണത്തിന് മുമ്പ് റെസ്റ്റോറന്റിൽ നിന്ന് പാനീയത്തിൽ നൽകിയ ലഹരിമരുന്ന് മെതാംഫെറ്റമീൻ ആണെന്ന് ഗോവ പൊലീസ്
മുംബൈ: നടിയും ബിജെപി നേതാവുമായ സൊനാലി ഫോഗട്ടിന്റെ മരണത്തിന് മുമ്പ് റെസ്റ്റോറന്റിൽ നിന്ന് നൽകിയ ലഹരിമരുന്ന് മെതാംഫെറ്റമീൻ ആണെന്ന് ഗോവ പൊലീസ്. ശനിയാഴ്ച വൈകുന്നേരം ഇറക്കിയ പ്രസ്താവനയിലാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കുന്നത്. ആദ്യ ഉപയോഗത്തിൽ തന്നെ അടിമയാക്കാൻ ശേഷിയുള്ള ഉണർത്തു മരുന്ന് എന്നാണ് ഇതിനെ വിദഗ്ധർ പറയുന്നത്. 12 മണിക്കൂർ വരെ നീണ്ട ഉണർവു നൽകുന്ന ഈ ലഹരിമരുന്ന് ലൈംഗികാസക്തി ഉയർത്താൻ സ്ത്രീകൾ ഉപയോഗിക്കാറുണ്ട്. പുരുഷൻമാരും ഉദ്ധാരണ ശേഷി വർധിപ്പിക്കുന്നതിനും നിലനിർത്തുന്നതിനും ഈ മരുന്ന് ഉപയോഗിക്കാറുണ്ട്. ശരീര താപനില ഉയർത്തുകയും, രക്തസമ്മർദം ഉയർത്തുകയും ചെയ്യുന്ന മെതാംഫെറ്റമീൻ ഉപയോഗം ഹൃദയാഘാതം മുതൽ സ്ട്രോക്കിനു വരെ കാരണമായേക്കും.
അതേസമയം കേസിൽ രണ്ട് പേർ കൂടി അറസ്റ്റിലായി. മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് സൊനാലി ചെലവഴിച്ച റെസ്റ്റോറന്‍റിന്‍റെ ഉടമയും ഇവിടേക്ക് ലഹരി മരുന്ന് എത്തിച്ച് നൽകിയ ആളുമാണ് അറസ്റ്റിലായത്. കൂടുതൽ വിവസങ്ങൾക്ക് ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കാത്തിരിക്കുയാണെന്ന് പൊലീസ് പറഞ്ഞു. ലഹരി മരുന്ന് കലർത്തിയ പാനീയം സൊനാലിയെ കൊണ്ട് കഴിപ്പിച്ചെന്ന് കസ്റ്റഡിയിലുള്ള പി എ സുധീർ സാംഗ്വാൻ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.
ലഹരി മരുന്ന് ഉപയോഗിച്ചതിന് പിന്നാലെ നടക്കാനാവാതെ ബുദ്ധിമുട്ടുന്ന സൊനാലിയുടെ ദൃശ്യങ്ങൾ റെസ്റ്റോറന്‍റിലെ സിസിടിവിയിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. വടക്കൻ ഗോവയിലുള്ള കേർലീസ് റസ്റ്റോറന്‍റ് ലഹരി മരുന്ന് ഉപയോഗം സ്ഥിരമായി നടക്കുന്ന കേന്ദ്രമാണെന്നാണ് പൊലീസ് പറയുന്നത്. മണിക്കൂറുകൾ ചോദ്യം ചെയ്ത ശേഷമായിരുന്നു റസ്റ്റോറന്‍റ് ഉടമ എഡ്വിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇവിടേക്ക് ലഹരി മരുന്ന് എത്തിച്ച് നൽകിയ ആളാണ് ഇന്ന് അറസ്റ്റിലായ ദത്താ പ്രസാദ് ഗോവൻകർ.
അതിനിടെ സൊനാലിയുടെ ദുരൂഹ മരണത്തിൽ അറസ്റ്റിലായ പിഎ സുധീർ സാംഗ്വാനും സൊനാലിയുടെ തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നതായാണ് കുടുംബത്തിന്‍റെ ആരോപണം. സൊനാലിയെ ഇയാൾ ബലാത്സംഗം ചെയ്തെന്ന് വരെ സഹോദരൻ ആരോപിച്ചു. എന്നാൽ ഇരുവരും ഒരുമിച്ച് നൃത്തം ചെയ്യുന്നതടക്കം സമീപകാല ദൃശ്യങ്ങൾ പ്രചരിക്കുകയാണ്. മാത്രമല്ല ഹരിയാനയിൽ സുധീർ ഫ്ലാറ്റ് വാടകയ്ക്ക് എടുത്തപ്പോൾ ഭാര്യയായി രേഖകളിൽ സൂചിപ്പിച്ചിരിക്കുന്നത് സൊനാലിയെയാണ് വിവരവും ഇന്ന് പുറത്ത് വന്നു.
Read more: സൊനാലി ഫോഗട്ടിന്‍റെ ദുരൂഹ മരണം; റെസ്റ്റോറന്‍റിന്‍റ് ഉടമയും ലഹരി ഇടപാടുകാരനും അറസ്റ്റില്‍
എംഡിഎംഎ അടക്കമുള്ള ലഹരി വസ്തുക്കളാണ് സംഭവം നടന്ന ദിനം ഉപയോഗിക്കപ്പെട്ടതെന്നായിരന്നു പൊലീസ് നിഗമനം. 2008 ൽ ഒരു ബ്രിട്ടീഷ് കൗമാരക്കാരിയെ ഗോവാ തീരത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലും പ്രതി സ്ഥാനത്ത് കേർലീസ് റസ്റ്റോറന്‍റ് ഉണ്ടായിരുന്നു. മരിക്കും മുൻപ് പെൺകുട്ടി ഈ റെസ്റ്റോറന്‍റിലേക്ക് പോയിരുന്നെന്നും മയക്കുമരുന്ന് നൽകി പീഡിപ്പിക്കപ്പെട്ടെന്നുമായിരുന്നു ആരോപണം.
