ദില്ലി: കാറില്‍ സഞ്ചരിക്കുകയായിരുന്ന സ്പൈസ് ജെറ്റ് പൈലറ്റിന്‍റെ വണ്ടി തടഞ്ഞുനിര്‍ത്തി കവര്‍ച്ച. ദില്ലിയില്‍ കഴിഞ്ഞ രാത്രിയാണ് ഇയാളെ തോക്കിന്‍മുനയില്‍ നിര്‍ത്തി മോഷണം നടത്തിയത്. 10 പേരടങ്ങുന്ന സംഘം പൈലറ്റിന്‍റെ കാര്‍ തടയുകയായിരുന്നു. സംഘത്തിലൊരാള്‍ കത്തി ഉപയോഗിച്ച് പൈലറ്റിനെ ആക്രമിച്ചു. ആക്രമണത്തില്‍ പൈലറ്റിന് സാരമായി പരിക്കേറ്റു. രക്തത്തില്‍ കുളിച്ച പൈലറ്റിനെ സൗത്ത് ദില്ലിയിലെ ഐഐടിയ്ക്ക് സമീപത്തെ ഫ്ലൈഓവറില്‍ തള്ളി സംഘം കടന്നുകളഞ്ഞു. 

ഈ പ്രദേശത്ത് വച്ച് നടക്കുന്ന ആദ്യ സംഭവമല്ല ഇതെന്നും നിരവധി പേരെ ആക്രമിച്ച് പണം കവര്‍ന്നിട്ടുണ്ടെന്നും സംഭവം പുറത്തറിഞ്ഞതോടെ ആളുകള്‍ പ്രതികരിച്ചു. ആക്രമണമേറ്റ പൈലറ്റിന്‍റെയും കാറിന്‍റെയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്. 

ഫ്ലൈറ്റ് ക്യാപ്റ്റനായ യുവ്‍രാജ് തെവാതിയയാണ് ആക്രമണത്തിനിരയായത്. രാത്രി ഒരുമണിയോടെ ഫരീദാബാദിലെ വീട്ടില്‍ നിന്ന് വിമാനത്താവളത്തിലേക്ക് പോകുകയായിരുന്നു ഇദ്ദേഹം. 

കാറില്‍ പോകുന്നതിനിടെ ഐഐടി ദില്ലിയ്ക്ക് സമീപത്തെ ഫ്ലൈ ഓവര്‍ എത്തിയതോടെ അഞ്ച് ബൈക്കുകളിലായി പത്തോളം പേര്‍ തന്നെയ വളയുകയായിരുന്നുവെന്നാണ് യുവ്‍രാജ് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. ഇവര്‍ തന്നെ തടഞ്ഞു. കാര്‍ വളഞ്ഞ സംഘം വിന്‍റോ തകര്‍ത്തു. ഒരാള്‍ തോക്കുകൊണ്ട് തലയ്ക്ക് അടിച്ചു. കയ്യിലുണ്ടായിരുന്ന 34000 രൂപയും മറ്റ് സാധനങ്ങളും കവര്‍ന്നുവെന്നും ഇയാള്‍ പരാതിയില്‍ പറഞ്ഞു. 

കടന്നുകള.യും മുമ്പ് ഇവര്‍ ഇയാളെ കത്തികൊണ്ട് മുറിവേല്‍പ്പിച്ചിരുന്നു. സംഘം പോയതോടെ ഇയാള്‍ പൊലീസിനെ ബന്ധപ്പെട്ടു. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.