തിരുവനന്തപുരം: തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകനായ കെ എം ബഷീറിനെ മദ്യപിച്ച് വാഹനമോടിച്ച് വണ്ടിയോടിച്ച് കൊലപ്പെടുത്തിയെന്ന കേസിൽ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെതിരെ ഇന്ന് നടപടി വന്നേക്കും. ഇന്ന് സസ്പെൻഷൻ ഉത്തരവ് പുറത്തിറങ്ങുമെന്നാണ് സൂചന. 

റിമാൻഡിലായ ഉദ്യോഗസ്ഥനെ സർവീസ് ചട്ടമനുസരിച്ച് 24 മണിക്കൂറിനകം സസ്പെൻഡ് ചെയ്യണമെന്നാണ്. എന്നാൽ ശ്രീറാമിനെതിരായ നടപടി വൈകിയത് വലിയ വിമർശനങ്ങൾക്കിടയാക്കിയിരുന്നു. സാങ്കേതിക കാരണങ്ങൾ പറഞ്ഞായിരുന്നു നടപടി വൈകിച്ചത്. എത്ര ഉന്നതനായാലും നടപടിയുണ്ടാകുമെന്നാണ് അപകടം നടന്ന ശേഷം തുടർച്ചയായി രണ്ട് ദിവസവും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതും. 

അതേസമയം, ശ്രീറാമിന്‍റെ രക്തത്തിൽ മദ്യത്തിന്‍റെ അംശം കണ്ടെത്താനായില്ലെന്ന മെഡിക്കൽ പരിശോധനാ ഫലം ഇന്ന് ഔദ്യോഗികമായി പുറത്തു വന്നേയ്ക്കും. അപകടമുണ്ടായി ഏതാണ്ട് ഒമ്പത് മണിക്കൂർ കഴിഞ്ഞാണ് ശ്രീറാമിന്‍റെ രക്തം പരിശോധിക്കാനായി എടുത്തത്. സമയം വൈകും തോറും ശരീരത്തിലെ മദ്യത്തിന്‍റെ സാന്നിധ്യം കുറയുമെന്ന് നേരത്തെ മെഡിക്കൽ വിദഗ്‍ധർ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്.

അപകടം കഴിഞ്ഞ് അധികം വൈകാതെ സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റായ ശ്രീറാമിന് മദ്യത്തിന്‍റെ സാന്നിധ്യം രക്തത്തില്‍ നിന്നും ഇല്ലാതാക്കാനുള്ള മരുന്ന് നല്‍കിയിരുന്നോ എന്ന സംശയവും ചില കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. അപകടം നടക്കുന്ന സമയത്ത് ശ്രീറാം മദ്യപിച്ചിരുന്നുവെന്ന് തെളിയിക്കാന്‍ സാധിക്കാത്ത പക്ഷം സ്റ്റേഷന്‍ ജാമ്യം കിട്ടുന്ന മനപൂര്‍വ്വമല്ലാത്ത നരഹത്യ മാത്രമായിരിക്കും ശ്രീറാമിന്‍റെ പേരില്‍ നിലനില്‍ക്കുന്ന കുറ്റം.

ശ്രീറാമിന്‍റെ ആരോഗ്യസ്ഥിതി പരിശോധിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിക്കുന്ന കാര്യവും സർക്കാർ പരിശോധിക്കുന്നുണ്ട്. ശ്രീറാമിന്‍റെ ആരോഗ്യസ്ഥിതി ആശുപത്രിയിൽ കിടത്തിച്ചികിത്സിക്കാൻ മാത്രം സാരമായതാണോ എന്ന് മെഡിക്കൽ ബോർഡ് തീരുമാനിക്കും. ആശുപത്രി ജയിൽ വാർഡിൽ കിടത്തി തുടർ ചികിത്സ വേണോ അതോ, ജയിലിലേക്ക് മാറ്റണോ എന്ന കാര്യവും ബോർഡ് ശുപാർശ ചെയ്യും. 14 ദിവസത്തേക്കാണ് ശ്രീറാമിനെ റിമാൻഡ് ചെയ്തിരിക്കുന്നത്.

അതേസമയം, ശ്രീറാമിന്‍റെ ജാമ്യാപേക്ഷ ഇന്ന് തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി പരിഗണിക്കും. റിമാന്‍ഡിലായിട്ടും കിംസ് ആശുപത്രിയിലെ പഞ്ചനക്ഷത്രറൂമില്‍ തുടരുകയായിരുന്ന ശ്രീറാമിനെ ഇന്നലെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പൊലീസ് സെല്ലിലേക്ക് മാറ്റിയിരുന്നു. ഇന്നലെ വൈകിട്ടോടെ ആശുപത്രിയിലെത്തിയ മ്യൂസിയം പൊലീസ് ആശുപത്രി ആംബുലന്‍സില്‍ ശ്രീറാമിനെ പൂജപ്പുര സബ് ജയിലിലെത്തിച്ചു. അവിടെ ഡോക്ടർമാർ പരിശോധിച്ച ശേഷമാണ് മെഡിക്കൽ കോളേജാശുപത്രിയിലെ സെല്ലിലേക്ക് കൊണ്ടുപോയത്.