തിരുവനന്തപുരം: ശ്രീറാം വണ്ടിയോടിച്ചത് മുന്നിലുള്ള ബൈക്കിൽ തട്ടി, തട്ടിയില്ലെന്ന നിലയിൽ ലക്കുകെട്ട അവസ്ഥയിലാണെന്ന് ദൃക്സാക്ഷി ജിതു. വണ്ടി നിർത്തി ഇറങ്ങി നോക്കിയ തന്നോട് ആക്ടിവയിൽ അപകടം പറ്റിയ കെ എം ബഷീറിനെ ആശുപത്രിയിലെത്തിക്കാമോ എന്ന് ശ്രീറാം ചോദിച്ചെന്നും ജിതു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എന്നാൽ ആക്ടിവയിൽ ഇങ്ങനെയൊരാളെ കൊണ്ടുപോകാൻ പറ്റില്ലെന്ന് താൻ പറഞ്ഞെന്നും ജിതു വ്യക്തമാക്കി. ശ്രീറാം വെങ്കിട്ടരാമൻ ആരെന്നറിയാതെയാണ് സംസാരിച്ചതെന്നും ജിത്തു വ്യക്തമാക്കി. 

ജിതുവിന്‍റെ വാക്കുകളിങ്ങനെ: ''തട്ടി തട്ടിയില്ലെന്ന മാതിരിയാണ് കാറ് വന്നത്. ബൈക്കിന്‍റെ പിൻഭാഗത്താണ് കാറിടിച്ചത്. ഇടിച്ചതോടെ ബൈക്ക് തെറിച്ചു. പോസ്റ്റിൽ പോയിടിച്ചു. കാറിന്‍റെ മുൻഭാഗം പൂർണമായും തകർന്ന നിലയിലായിരുന്നു. കാറിൽ രണ്ട് പേരായിരുന്നു. രണ്ട് പേരും ആ സമയത്ത് തന്നെ മരിച്ച് പോയെന്നാണ് ഞാൻ കരുതിയത്. വണ്ടിയൊതുക്കി ഞാൻ കാറിന്‍റെ മുൻവശത്തേക്ക് പോയി നോക്കിയപ്പോൾ വണ്ടിയിലുള്ളവർക്ക് അനക്കമുണ്ട്. എയർ ബാഗൊക്കെ പുറത്തുവന്ന നിലയിലായിരുന്നു.  

അതിലെ പുരുഷൻ പുറത്തേക്കിറങ്ങി വന്ന് ബൈക്കിലുള്ളയാൾക്ക് എന്തുപറ്റിയെന്ന് ചോദിച്ചു. 'ദേ ഇവിടെ കിടക്കുവാണ് സാറേ' എന്ന് ഞാൻ പറഞ്ഞു. പുള്ളി വന്ന് വീണു കിടക്കുന്നയാളെ കൈയിലെടുത്തു. എന്നിട്ട് എന്‍റെ വണ്ടിയിൽ ആശുപത്രിയിൽ കൊണ്ടുപോകാമോ എന്ന് ചോദിച്ചു. കൂടെയുള്ള സ്ത്രീയും വന്ന് എങ്ങനെയെങ്കിലും അയാളെ രക്ഷിക്കൂ എന്ന് പറയുന്നുണ്ടായിരുന്നു. പക്ഷേ, എന്‍റെ ആക്ടിവ പോലെ കണ്ടീഷനില്ലാത്ത വണ്ടിയിൽ എങ്ങനെയാ സാറേ ഇങ്ങനെയൊരാളെ കൊണ്ടുപോവുക എന്ന് ഞാൻ ചോദിച്ചു. അപ്പോഴേക്കും പുരുഷന്‍റെ കയ്യിലെയാളുടെ വായിൽ നിന്ന് നന്നായി രക്തമൊഴുകുന്നുണ്ടായിരുന്നു. വല്ലാതെ രക്തമൊഴുകിയിരുന്നു'', ജിതു പറയുന്നു. 

ഇതിനിടെ, ശ്രീറാമിനൊപ്പം സഞ്ചരിച്ച മരപ്പാലം സ്വദേശിനിയായ യുവതി വഫ ഫിറോസിനെ വഞ്ചിയൂർ കോടതിയിലെത്തിച്ച് രഹസ്യമൊഴിയെടുത്തു. കന്‍റോൺമെന്‍റ് സ്റ്റേഷനിൽ വച്ച് വൈകിട്ട് വരെ ചോദ്യം ചെയ്ത ശേഷമാണ് കോടതിയിലേക്ക് കൊണ്ടുപോയത്. അപകടം നടന്നതിന് പിന്നാലെ സ്ഥലത്തെത്തിയ പൊലീസ് യുവതിയെ ഊബർ ടാക്സി വിളിച്ച് വീട്ടിലേക്ക് പറഞ്ഞു വിട്ടിരുന്നു. യുവതിയല്ല, വണ്ടിയോടിച്ചതെന്ന് വ്യക്തമായപ്പോഴാണ് പൊലീസ് ഇവരെ പറഞ്ഞു വിട്ടതെന്നാണ് സൂചന. ശ്രീറാം തന്നെ പറഞ്ഞാണ് യുവതിയെ പറഞ്ഞു വിട്ടതെന്നും വിവരമുണ്ട്.

എന്നാൽ പൊലീസിന് ജനറൽ ആശുപത്രിയിൽ വച്ച് മൊഴി നൽകിയ ശ്രീറാം വെങ്കട്ടരാമൻ പറഞ്ഞത് താനല്ല, യുവതിയാണ് വണ്ടിയോടിച്ചതെന്നാണ്. ഇതോടെ, യുവതിയെ വൈദ്യപരിശോധന പോലും നടത്താതെ വീട്ടിൽ പറഞ്ഞു വിട്ട പൊലീസ് നടപടി വിവാദമായി. ഒടുവിൽ അപകടം നടന്ന് മണിക്കൂറുകൾക്ക് ശേഷമാണ് യുവതിയെ വിളിച്ചുവരുത്തിയത്. യുവതി എത്തിയ ശേഷവും മൊഴി നൽകിയത് ശ്രീറാം തന്നെയാണ് വണ്ടിയോടിച്ചതെന്നാണ്. 

ഫേസ്ബുക്ക് വഴിയാണ് ശ്രീറാമിനെ പരിചയപ്പെട്ടതെന്നാണ് വഫ ഫിറോസിന്‍റെ മൊഴി. രാത്രി വിളിച്ച് ശ്രീറാം വെങ്കിട്ടരാമൻ വാഹനം ആവശ്യപ്പെട്ടതുകൊണ്ടാണ് ശ്രീറാമിന്‍റെ അടുത്തെത്തിയതെന്നും യുവതി പൊലീസിന് മൊഴി നല്‍കി.

രാത്രി 12.40 ഓടെ കാറുമായി കവടിയാറെത്തി. പിന്നീട് വാഹനമോടിച്ചത് ശ്രീറാം വെങ്കിട്ടരാമനാണ്. അമിത വേഗത്തിലായിരുന്നു ശ്രീറാം വാഹനമോടിച്ചതെന്നും വഫ മൊഴി നല്‍കിയിട്ടുണ്ട്. നേരത്തെയും വഫയുടെ പേരിലുള്ള കെ എല്‍ -1-ബിഎം 360 എന്ന കാറിന് മോട്ടോര്‍വാഹന വകുപ്പ് പിഴ ചുമത്തിയിരുന്നു. മൂന്ന് തവണയും അമിത വേഗതയ്ക്കാണ് പിഴ ചുമത്തിയിരുന്നത്. 

അപകടമുണ്ടാക്കിയ കാറോടിച്ചത് താനല്ലെന്നും സുഹൃത്തായ യുവതിയാണെന്നുമുള്ള ശ്രീറാമിന്‍റെ മൊഴി തള്ളിയ പൊലീസ് വണ്ടിയോടിച്ചത് ശ്രീറാം തന്നെയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ശ്രീറാമിനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി. 

നിലവില്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലുള്ള ശ്രീറാമിനെ ഉടനെ പൊലീസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തും എന്നാണ് സൂചന. അതിനു ശേഷം അദ്ദേഹത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. ഇന്ന് രാവിലെ മ്യൂസിയം പൊലീസ് എഴുതിയ ആദ്യത്തെ എഫ്ഐആറില്‍ മനഃപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കുള്ള വകുപ്പ് മാത്രമാണ് ചേര്‍ത്തത്. 

വാഹനം ഓടിച്ചയാളുടെ അശ്രദ്ധ മൂലമുണ്ടായ അപകടം എന്നല്ലാതെ ശ്രീറാമിന്‍റേയോ സുഹൃത്ത് വഫയുടേയോ പേര് എഫ്ഐആറില്‍ പറയുന്നില്ല. എന്നാല്‍ കോടതിയില്‍ നല്‍കുന്ന റിപ്പോര്‍ട്ടില്‍ പൊലീസ് ശ്രീറാമിനേയും പ്രതി ചേര്‍ക്കും എന്നാണ് സൂചന. മദ്യപിച്ചാണ് വണ്ടി ഓടിച്ചതെന്ന് രക്തപരിശോധനയില്‍ കൂടി തെളിഞ്ഞാല്‍ മോട്ടോര്‍ വെഹിക്കിള്‍ ആക്ട് 185 വകുപ്പ് ചുമത്തി പൊലീസ് ശ്രീറാമിനെതിരെ കേസെടുക്കും. 

മൂന്ന് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ഗുരുതരമായ ക്രിമിനൽ കുറ്റമാണിത്. എഫ്ഐആറില്‍ പ്രതിയാവുന്ന പക്ഷം സിവില്‍ സര്‍വ്വീസ് ചട്ടമനുസരിച്ച് ഐഎഎസുകാരനും സര്‍വ്വേ വകുപ്പ് ഡയറക്ടറുമായ ശ്രീറാമിന് സസ്പെന്‍ഷന്‍ ലഭിച്ചേക്കാം എന്നാണ് നിയമവിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.