പല്‍വാള്‍: ഹരിയാനയിലെ പല്‍വാളില്‍ പിതാവും രണ്ടാനമ്മയും ചേര്‍ന്ന് ഒന്നരവയസുകാരിയായ മകളെ കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം ഇരുവരും രണ്ട് ദിവസം മൃതദേഹം സൂക്ഷിച്ചുവെന്നും പൊലീസ് പറഞ്ഞു. ദിലീപും രണ്ടാം ഭാര്യ റിതുവും ചേര്‍ന്നാണ് മകളെ കൊലപ്പെടുത്തിയത്.

രണ്ട് ദിവസം വീട്ടില്‍ സുക്ഷിച്ചിരുന്ന മൃതദേഹത്തില്‍ നിന്ന് രൂക്ഷഗന്ധം വന്നതോടെ കനാലില്‍ ഉപേക്ഷിക്കാനും ഇരുവരും ചേര്‍ന്ന് ശ്രമിച്ചു. ഈ മാസം ഒന്നിന് പുലര്‍ച്ചെ മൂന്ന് മണിക്ക് മൃതദേഹം കനാലില്‍ കളയാനാണ് പദ്ധതിയിട്ടത്. ബ്ലാങ്കറ്റ് ഉപയോഗിച്ച് മൃതദേഹം പൊതിഞ്ഞ് ബാഗിനുള്ളിലാക്കിയിരുന്നു.

എന്നാല്‍, വഴിയില്‍ തെരുവു നായ്‍ക്കള്‍ ഇരുവരുടെയും ചുറ്റും കൂടിയതോടെ ഭയപ്പെട്ട് ബാഗ് വഴിയരികില്‍ ഉപേക്ഷിക്കേണ്ടി വന്നു. തുടര്‍ന്ന് രക്ഷപ്പെട്ട പ്രതികളെ പല്‍വാള്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറ‍ഞ്ഞു. മൃതദേഹം പൊതിഞ്ഞിരുന്ന തുണിയില്‍ നിന്നാണ് കൊലപാതകത്തെ സംബന്ധിച്ച വ്യക്തമായ തെളിവുകള്‍ ലഭിച്ചതെന്ന് ഡിസിപി യഷ്പാല്‍ ഖട്ന പറഞ്ഞു.  

ദിലീപ് പ്രദേശത്ത് മരപ്പണി ചെയ്യുന്നയാളാണ്. ഒന്നര വര്‍ഷം മുമ്പ് കുട്ടി ജനിച്ച് അധികം വൈകാതെ ദിലീപിന്‍റെ ആദ്യ ഭാര്യ പുഷ്പ മരിച്ചു. ഒന്നോ രണ്ടോ മാസത്തിന് ശേഷം ദിലീപ് പുനര്‍വിവാഹവും കഴിച്ചു. ഈ വിവാഹത്തില്‍ ഒരു കുഞ്ഞ് ജനിച്ചതോടെ ആദ്യ ഭാര്യയിലുള്ള ദിലീപിന്‍റെ കുഞ്ഞിനോട് റിതുവിന് ദേഷ്യമായി. ഒന്നര വയസ് മാത്രം പ്രായമുള്ള കുട്ടിയെ റിതു നിരന്തരം മര്‍ദിച്ചിരുന്നു. ഇതിനിടെ സെപ്റ്റംബര്‍ 29ന് മര്‍ദനത്തിനിടെ കുഞ്ഞിന്‍റെ നെഞ്ചില്‍ ശക്തിയായി ചവിട്ടേറ്റു. അതാണ് മരണകാരണമെന്നും പൊലീസ് വ്യക്തമാക്കി.