കട്ടക്ക് : 48 മണിക്കൂറിനുള്ളില്‍ നാട്ടില്‍ നടന്നത് മൂന്ന് കൊലപാതകം. നാടിനെ നടുക്കി സൈക്കോ കില്ലര്‍. തെരുവില്‍ കിടന്നുറങ്ങുന്ന മൂന്ന് പേരെയാണ് കഴുത്തറത്ത നിലയില്‍ കണ്ടെത്തിയത്. ആരെന്നോ എന്തിനാണ് കൊല നടത്തുന്നതെന്നോ വ്യക്തമല്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഒഡീഷയിലെ നഗരമായ കട്ടക്കിലാണ് സംഭവം.

ചൊവ്വാഴ്ച രാവിലെയാണ് റാണിഹത് പാലത്തിനു സമീപത്ത് നിന്നും ആദ്യം മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന്, ബുധനാഴ്ച രാവിലെ ശ്രീരാമചന്ദ്ര ബഞ്ച് മെഡിക്കല്‍ കോളേജിനും ഒഎംപി മാര്‍ക്കറ്റിനും സമീപത്ത് നിന്നാണ് മറ്റു രണ്ട് മൃതദേഹങ്ങളും തലയറുത്ത നിലയില്‍ കണ്ടെത്തിയത്. മൂന്ന് മൃതദേഹങ്ങളുടെയും കഴുത്തറുത്ത് ഭാരമുള്ള വസ്തു കൊണ്ട് തലയക്കടിച്ച് കൊലപ്പെടുത്തിയ നിലയിലാണ് കണ്ടെത്തിയത്.

തുടര്‍ച്ചയായ കൊലപാതകം കണ്ട് നടുങ്ങിയിരിക്കുകയാണ് കട്ടക്ക് സ്വദേശികള്‍. രാത്രിയിലെ നൈറ്റ് പെട്രോളിങ്ങ് കര്‍ശനമാക്കി. അന്വേഷണത്തലവനായി പ്രത്യേക സംഘം രൂപീകരിച്ചതായും ഡി സി പി അഖിലേഷ്വര്‍ സിങ് പറഞ്ഞു. 1998 ല്‍ നടന്ന സ്‌റ്റോണ്‍മാന്‍ മോഡല്‍ കൊലപാതകമാണ് ഇപ്പോള്‍ നടക്കുന്നതെന്നും പോലീസ് പറഞ്ഞു.

മൂന്ന് കൊലപാതകങ്ങളും ഒരേ രീതിയിലാണ് നടന്നിരിക്കുന്നത്. അതുകൊണ്ട് തന്നെ കൊല നടത്തിയ ആള്‍ ഒരാള്‍ തന്നെ എന്നാണ് പോലീസ് നിഗമനം. അതേസമയം കൊലയ്ക്ക് പിന്നില്‍ മാനസിക പ്രശ്‌നമുള്ള വ്യക്തിയാണോ എന്നും സംശയിക്കുന്നതായി കമ്മീഷ്ണര്‍ സത്യജിത് മൊഹന്തി പറഞ്ഞു.