തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സുരക്ഷ ചുമതലയിലുള്ള പൊലീസുകാർ തലസ്ഥാനത്ത് തട്ടുകടയിൽ അതിക്രമം കാണിച്ചെന്ന് പരാതിപ്പെട്ട കട ഉടമ പിന്നീട് പരാതിയിൽ നിന്നും പിന്മാറി. തന്നെ കയ്യേറ്റം ചെയ്തെന്ന് കാണിച്ച് കട ഉടമ മ്യൂസിയം പൊലീസിനായിരുന്നു ആദ്യം പരാതി നൽകിയത്.
ഇന്നലെ രാത്രി വെള്ളയമ്പലത്ത് മാനവീയം വീഥിയിലെ തട്ടുകടയിലാണ് സംഭവം. 

മുഖ്യമന്ത്രിയുടെ സുരക്ഷാചുമതലയുള്ള നാലു പൊലീസുകാരാണ് ആഹാരം കഴിക്കാനെത്തിയത്. ഭക്ഷണത്തിൽ നിന്നും ഒരു പൊലീസുകാരന് റബർ വാഷർ കിട്ടിയതിനെ തുടർന്നുള്ള തർക്കമാണ് കൈയാങ്കളിലേക്ക് മാറിയത്. വാഹനത്തിൻറെ മുൻസീറ്റിലിരുന്ന കട ഉടമ സുരേഷിനെ പൊലീസുകാർ കൈയേറ്റം ചെയ്തുവെന്നാണ് പരാതി. തിളച്ച് കൊണ്ടിരുന്ന എണ്ണപാത്രം തട്ടിയിട്ടത് കാരണം കാലിൽ പൊള്ളലേറ്റെന്നും ഭക്ഷണ സാധനങ്ങൾ വലിച്ചെറിഞ്ഞെന്നും പരാതിയിൽ പറയുന്നുണ്ട്. 

മ്യൂസിയം സ്റ്റേഷനിലെ പൊലീസുകാരെന്നായിരുന്നു ഇവർ ആദ്യം അറിയിച്ചതെന്ന് കട ഉടമ പറഞ്ഞു. നാട്ടുകാർ ഓടിക്കൂടിയപ്പോൾ പൊലീസുകാർ രണ്ട് ബൈക്കിൽ ഒന്ന് ഉപേക്ഷിച്ച് ഓടി. സംഭവ സ്ഥലത്തുനിന്നും ഒരു പൊലീസുകാരൻറെ മൊബൈൽ കിട്ടി. മ്യൂസിയം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കയ്യാങ്കളി നടത്തിയത് മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള പൊലീസുകാരെന്ന് തെളിഞ്ഞത്. വൈകാതെ കട ഉടമ സുരേഷ് സ്റ്റേഷനിലെത്തി പരാതിയുമായി മുന്നോട്ട് പോകാനില്ലെന്ന് അറിയിച്ചു. അതേസമയം കട ഉടമയാണ് പ്രകോപനം ഉണ്ടാക്കിയതെന്നാണ് പൊലീസുകാരുമായി അടുപ്പമുള്ളവർ വിശദമാക്കുന്നത്.