ബന്ധുവായ വിദ്യാര്‍ത്ഥിനിയെ മദ്യപ സംഘം തടഞ്ഞ് നിര്‍ത്തി അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിനായിരുന്നു മര്‍ദ്ദനം. 

തിരുവനന്തപുരം: തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിയ്ക്ക് നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം. തിരുവനന്തപുരം കാഞ്ഞിരംകുളം നെല്ലിമൂടില്‍ ഇന്നലെ രാത്രി ഏഴ് മണിയ്ക്കായിരുന്നു സംഭവം. കൊല്ലകോണം സ്വദേശിയായ പ്ലസ് ടു വിദ്യാര്‍ത്ഥിയെയാണ് മര്‍ദ്ദനമേറ്റത്. ബന്ധുവായ വിദ്യാര്‍ത്ഥിനിയെ മദ്യപ സംഘം തടഞ്ഞ് നിര്‍ത്തി അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിനായിരുന്നു മര്‍ദ്ദനം. 

കൊല്ലകോണം സ്വദേശി ദിനീഷ്, പ്രസന്ന കുമാര്‍ എന്നിവരാണ് ബൈക്കിൽ വച്ച് മദ്യപിച്ച ശേഷം ആക്രമണം നടത്തിയത് എന്നാണ് പരാതി. മുഖത്തിന് അടിയേറ്റ വൈഷ്ണവിനെ സംഘം നെഞ്ചിൽ ചവിട്ടി. ഇടിയുടെ ആഘാതത്തിൽ വൈഷ്ണവ് തൊട്ടടുത്ത തോട്ടിലേക്ക് തെറിച്ച് വീണെന്നും പരാതിയില്‍ പറയുന്നു. ഇന്നലെ രാത്രി ഏഴ് മണിക്കായിരുന്നു സംഭവം. പ്ലസ് ടു വിദ്യാര്‍ത്ഥിയെയും അനിയത്തിയെയും ബന്ധുവിനെയും ട്യൂഷൻ കേന്ദ്രത്തിൽ നിന്ന് വിളിച്ച് വീട്ടിലേക്ക് കൊണ്ടുവരും വഴിയായിരുന്നു മര്‍ദ്ദനം. മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥി നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തില്‍ മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കള്‍ കാഞ്ഞിരംകുളം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Also Read: തൊപ്പി വച്ച് വന്നത് ചോദ്യം ചെയ്തു; പ്രിന്‍സിപ്പാളിനെ ചുമരില്‍ ചേര്‍ത്ത് മര്‍ദ്ദിച്ച് പ്ലസ് ടു വിദ്യാര്‍ത്ഥി