കൊല്ലം: കൊല്ലം അഞ്ചാലുംമൂട് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥി സ്കൂളിൽ കുഴഞ്ഞു വീണു മരിച്ചു. അഷ്ടമുടി സ്വദേശിയായ ലിബിൻ സന്തോഷാണ് കുഴഞ്ഞു വീണ് മരിച്ചത്. സംഭവത്തിൽ ദുരൂഹത ഉണ്ടെന്നാരോപിച്ച് ബന്ധുക്കൾ പൊലീസിന് പരാതി നൽകി. അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് എടുത്തിട്ടുണ്ട്.

ഇന്നലെ ഉച്ചയോടെയാണ് പ്ലസ്‌ ടു വിദ്യാർത്ഥിയായ ലിബിൻ സന്തോഷ് ക്ലാസ്സിൽ കുഴഞ്ഞു വീഴുന്നത്. അധ്യാപകർ കുട്ടിയെ കടവൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കുട്ടികൾ തമ്മിൽ ക്ലാസ്സിൽ ഉണ്ടായ അടിപിടിയിൽ ലിബിന് മർദ്ദനം ഏറ്റിരുന്നതായി കുട്ടികൾ പറയുന്ന വാട്ട്സാപ്പ് സന്ദേശം ബന്ധുക്കൾക്ക് കിട്ടിയിരുന്നു. ഇതാണോ മരണകാരണമായത് എന്ന് അന്വേഷിക്കണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.

അതേസമയം, വലിയ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെന്നാണ് സ്കൂൾ അധികൃതർ പൊലീസിനെ അറിയിച്ചിരിക്കുന്നത്. പ്രാഥമിക പരിശോധനയിൽ പ്രശ്നങ്ങൾ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ , പോസ്റ്റുമോർട്ടം റിപ്പോർട്ട് കൂടി കിട്ടിയ ശേഷം വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.