ലക്നൗ: വീടിനുള്ളിൽ കയറിയെന്നാരോപിച്ച് വിദ്യാർഥികളെ വീട്ടുടമസ്ഥൻ മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ചു. ഉത്തർപ്രദേശിലെ അംറോഹ ജില്ലയിലെ പത്ര മുസ്തകം ​ഗ്രാമത്തിലാണ് മനസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്. ‌‌‌വിദ്യാർഥികളെ മർദ്ദിക്കുന്നതിന്റെയും മരത്തിൽ കെട്ടിയിടുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

സ്കൂൾവിട്ടു വന്നതിനുശേഷം പറമ്പിൽ കളിക്കുകയായിരുന്നു വിദ്യാർഥികളായ ​ഗൗരവും ആകാശും. ഇതിനിടെ അബദ്ധത്തിൽ വിദ്യാർഥികൾ വിജയ് സിം​ഗ് എന്നയാളുടെ വീട്ടിലേക്ക് കയറി. ഇതുകണ്ട വിജയ് സിം​ഗ് ഇരുവരേയും പിടികൂടി ക്രൂരമായി തല്ലുകയും മരത്തിൽ കെട്ടിയിടുകയുമായിരുന്നു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ​ഗൗരവിന്റെയും ആകാശിന്റെയും മാതാപിതാക്കൾ ഇരുവരേയും മോചിപ്പിക്കുകയായിരുന്നു. തുടർന്ന് മാതാപിതാക്കൾ‌ പൊലീസ് സ്റ്റേഷനിലെത്തി വിജയ് സിം​ഗിനെതിരെ പരാതി നൽകി. എന്നാല്‍, വിജയ്ക്കെതിരെ ആദ്യം കേസെടുക്കാന്‍ പൊലീസ് തയ്യാറായിരുന്നില്ലെന്നും വീഡിയോ വൈറലായതോടെയാണ് പൊലീസ് കേസെടുത്തതെന്നും കുടുംബം പറഞ്ഞു. വിജയ്ക്കെതിരെ പൊലീസ് കേസെടുത്തെങ്കിലും ഇയാളെ ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല.

അതേസമയം, വിദ്യാർഥികളെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ പ്രതിഷേധവുമായി ആളുകൾ രംഗത്തെത്തിയിരിക്കുകയാണ്. വിജയ് സിം​ഗിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആളുകൾ ആവശ്യപ്പെട്ടു.