ഒക്ടോബർ 15 മുതൽ ഉത്തരയെ കാണാനില്ലെന്ന് ഭർത്താവ് പൊലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയിൽ പൊലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് ഒക്ടോബർ 17-ന് വിജയമംഗലം ടോൾഗേറ്റിന് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്ത് ഉത്തരയുടെ മൃതദേഹം കണ്ടെത്തിയത്.
ചെന്നൈ: നഴ്സായ യുവതിയെ കൊലപ്പെടുത്തി നാലുപവന്റെ താലിമാല കവർന്ന കേസിൽ സഹപ്രവർത്തകൻ അറസ്റ്റിൽ. തിരുപ്പൂർ പല്ലഗൗണ്ടംപാളയത്തെ സ്വകാര്യ ആശുപത്രിയിൽ നഴ്സായ ശരവണനെ(23)യാണ് പൊലീസ് പിടികൂടിയത്. ഇതേ ആശുപത്രിയിലെ നഴ്സായ രാമനാഥപുരം സ്വദേശിനി ഉത്തര(26)യാണ് കൊല്ലപ്പെട്ടത്. ഒക്ടോബർ 15-നായിരുന്നു സംഭവം.
ഒക്ടോബർ 15 മുതൽ ഉത്തരയെ കാണാനില്ലെന്ന് ഭർത്താവ് പൊലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയിൽ പൊലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് ഒക്ടോബർ 17-ന് വിജയമംഗലം ടോൾഗേറ്റിന് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്ത് ഉത്തരയുടെ മൃതദേഹം കണ്ടെത്തിയത്. പൊലീസ് പരിശോധനയിൽ സംഭവം കൊലപാതകമാണെന്ന് വ്യക്തമായി. സഹപ്രവർത്തകനായ ശരവണനാണ് കൊലപാതകത്തിന് പിന്നിലെന്നും മനസിലായി. തുടർന്ന് ഊർജിതമായ അന്വേഷണത്തിനൊടുവിൽ പ്രതിയെ പിടികൂടുകയായിരുന്നു.
സ്വർണം തട്ടിയെടുക്കാനാണ് പ്രതി സഹപ്രവർത്തകയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവദിവസം പ്രതി ഉത്തരയെ ബൈക്കിൽ കയറ്റി വിജയമംഗലം ടോൾഗേറ്റിന് സമീപത്തേക്ക് കൊണ്ടുപോയി. ഇവിടെവെച്ച് യുവതിയെ കൊലപ്പെടുത്തുകയും പിന്നാലെ നാലുപവന്റെ താലിമാല കവരുകയുമായിരുന്നു. മോഷ്ടിച്ച സ്വർണമാല പ്രതിയിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
അതേസമയം, നഴ്സിന്റെ കൊലപാതകം തമിഴ്നാട്ടിൽ രാഷ്ട്രീയവിവാദങ്ങൾക്കും തിരികൊളുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ ക്രമസമാധാനനില തകർന്നിരിക്കുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷമായ ഡിഎംകെ രംഗത്തെത്തി. പൊലീസ് വകുപ്പ് കൈകാര്യംചെയ്യുന്നതിൽ മുഖ്യമന്ത്രി വിജയ് പരാജയപ്പെട്ടിരിക്കുകയാണെന്ന് ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിനും ആരോപിച്ചു.
ആഭ്യന്തര വകുപ്പിന്റെ ചുമതല മുഖ്യമന്ത്രിക്ക് പേരിൽ മാത്രമേയുള്ളൂ. സംസ്ഥാനത്ത് ആവർത്തിക്കുന്ന അക്രമസംഭവങ്ങളും കേന്ദ്ര ഏജൻസികൾ നടത്തുന്ന ലഹരിവേട്ടകളും പൊലീസ് വകുപ്പിൽ മുഖ്യമന്ത്രി ശ്രദ്ധിക്കുന്നേയില്ല എന്നതാണ് ചൂണ്ടിക്കാണിക്കുന്നത്. ലഹരി ഉപേക്ഷിക്കൂ, കായികരംഗത്തേക്ക് വരൂ എന്ന് ആഹ്വാനം ചെയ്ത മുഖ്യമന്ത്രി, ആദ്യം വിശ്രമം അവസാനിപ്പിച്ച് സ്വന്തം വകുപ്പിന്റെ ചുമതല ഏറ്റെടുക്കണമെന്നും എം കെ സ്റ്റാലിൻ പറഞ്ഞു.


