പ്രതിശ്രുത വരനെ കൊലപ്പെടുത്തിയ കേസിലാണ് ശുഭ ശങ്കരനാരായണൻ, കാമുകനായ അരുൺ വർമ എന്നിവരെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഇവരുടെ കൂട്ടാളികളായ വെങ്കിടേഷിനെയും ദിനേശിനെയും കോടതി ശിക്ഷിച്ചിരുന്നു. 2010-ലെ വിചാരണകോടതിയുടെ ശിക്ഷാവിധി 2016-ൽ കർണാടക ഹൈക്കോടതിയും 2025-ൽ സുപ്രീംകോടതിയും ശരിവെച്ചു.

ബെം​ഗളൂരു: കുപ്രസിദ്ധമായ ബെം​ഗളൂരു റിങ് റോഡ് കൊലക്കേസിൽ പ്രതികളുടെ ദയാഹർജി തള്ളാൻ കർണാടക മന്ത്രിസഭ ശുപാർശ ചെയ്തു. പ്രതികളായ ശുഭ ശങ്കരനാരായണൻ, അരുൺ വർമ എന്നിവരുടെ ദയാഹർജികൾ തള്ളാനാണ് മന്ത്രിസഭ ​ഗവർണറോട് ശുപാർശ ചെയ്തത്.

പ്രതിശ്രുത വരനെ കൊലപ്പെടുത്തിയ കേസിലാണ് ശുഭ ശങ്കരനാരായണൻ, കാമുകനായ അരുൺ വർമ എന്നിവരെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഇവരുടെ കൂട്ടാളികളായ വെങ്കിടേഷിനെയും ദിനേശിനെയും കോടതി ശിക്ഷിച്ചിരുന്നു. 2010-ലെ വിചാരണകോടതിയുടെ ശിക്ഷാവിധി 2016-ൽ കർണാടക ഹൈക്കോടതിയും 2025-ൽ സുപ്രീംകോടതിയും ശരിവെച്ചു. എന്നാൽ, ശുഭയ്ക്കും അരുണിനും ​ഗവർണർക്ക് ഹർജി നൽകാൻ സുപ്രീംകോടതി സമയം അനുവദിച്ചിരുന്നു. ഇതനുസരിച്ചാണ് ഇരുവരും ​ഗവ​ർണർക്ക് ദയാഹർജി നൽകിയത്. തുടർന്ന് ​ഗവർണർ ദയാഹർജിയിൽ മന്ത്രിസഭയുടെ ഉപദേശം തേടുകയായിരുന്നു.

2003 ഡിസംബർ മൂന്നിനാണ് പ്രതിശ്രുത വരനായ ബി വി ​ഗിരീഷിനെ ശുഭയും അരുണും കൂട്ടാളികളും ചേർന്ന് കൊലപ്പെടുത്തിയത്. ബെം​ഗളൂരു റിങ് റോഡിൽവെച്ചായിരുന്നു. ഇതിനാലാണ്​ ​ഗിരീഷിന്റെ കൊലക്കേസ് റിങ് റോഡ് കൊലക്കേസ് എന്ന് അറിയപ്പെട്ടത്.

ബെം​ഗളൂരുവിൽ നിയമവിദ്യാർഥിനിയായിരുന്ന ശുഭയും കോളേജിലെ ജൂനിയറായ അരുണം തമ്മിൽ പ്രണയത്തിലായിരുന്നു. എന്നാൽ, ഇതിനെ മറികടന്ന് വീട്ടുകാർ ​ഗിരീഷുമായി ശുഭയുടെ വിവാഹം ഉറപ്പിച്ചു. വിവാഹനിശ്ചയവും നടത്തി. ഇതിനുപിന്നാലെയാണ് ശുഭയും കാമുകനും കൊലപാതകം ആസൂത്രണംചെയ്തത്.

ഇന്റലിലെ സോഫ്റ്റ് വെയർ എൻജിനീയറായിരുന്നു കൊല്ലപ്പെട്ട ​ഗിരീഷ്. 2003 നവംബർ 30-നായിരുന്നു ​ഗിരീഷിന്റെയും ശുഭയുടെയും വിവാഹനിശ്ചയം. ഇരുവരുടെയും വീട്ടുകാരാണ് വിവാഹം ആലോചിച്ചുറപ്പിച്ചത്. അന്ന് അഞ്ചാംസെമസ്റ്റർ എൽഎൽബി വിദ്യാർഥിനിയായിരുന്നു ശുഭ. എന്നാൽ, ​ഗിരീഷുമായുള്ള വിവാഹനിശ്ചയം നടക്കുമ്പോഴും കോളേജിലെ ജൂനിയറായ അരുണുമായി ശുഭയ്ക്ക് പ്രണയബന്ധമുണ്ടായിരുന്നു. ഇക്കാര്യം വീട്ടുകാർ അറിഞ്ഞിരുന്നില്ല.

ശുഭയും കാമുകനും മുൻകൂട്ടി ആസൂത്രണംചെയ്തത് പ്രകാരം 2003 ഡിസംബർ മൂന്നിനാണ് പ്രതികൾ ​ഗിരീഷിനെ കൊലപ്പെടുത്തിയത്. സംഭവദിവസം രാത്രി ഹോട്ടലിൽനിന്ന് ഭക്ഷണം കഴിക്കാനായി ​ഗിരീഷ് പ്രതിശ്രുത വധുവായ ശുഭയെ ക്ഷണിച്ചിരുന്നു. തുടർന്ന് ഇരുവരും ഹോട്ടലിലെത്തി ഭക്ഷണം കഴിച്ചു. ഇതിനുശേഷം തനിക്ക് എച്ച്എഎൽ വിമാനത്താവളത്തിൽനിന്ന് വിമാനം പറന്നുയരുന്നതും ലാൻഡ് ചെയ്യുന്നതും കാണണമെന്ന് ശുഭ ​ഗിരീഷിനോട് പറഞ്ഞു. തുടർന്ന് പ്രതിശ്രുത വധുവിന്റെ ആ​ഗ്രഹപ്രകാരം ​ഗിരീഷ് ശുഭയെ ഇന്നർ റിങ് റോഡിലെ വിമാനത്താവള വ്യൂപോയിന്റിലേക്ക് കൊണ്ടുപോയി. ഇവിടെവെച്ച് ഇരുവരും വിമാനങ്ങൾ കണ്ടുകൊണ്ടിരിക്കെയാണ് ​ഗിരീഷിന് നേരേ ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ ഒരു സംഘം ​ഗിരീഷിനെ ക്രൂരമായി മർദിക്കുകയായിരുന്നു. ​വെങ്കിടേഷ്, ദിനേശ് എന്നിവരാണ് ബൈക്കിലെത്തി ​ഗിരീഷിനെ ആക്രമിച്ചത്. മർദനത്തിൽ ​ഗുരുതരപരിക്കേറ്റ ​ഗിരീഷ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ പിറ്റേദിവസം മരിച്ചു. തുടർന്ന് വിവേക്ന​ഗർ പൊലീസ് ഇൻസ്പെക്ടർ കെ എ നാനയ്യയുടെ നേതൃത്വത്തിൽനടത്തിയ അന്വേഷണത്തിലാണ് ശുഭയും കാമുകനുമാണ് കൊലപാതകം ആസൂത്രണംചെയ്തതെന്ന് കണ്ടെത്തിയത്.