വാഷിങ്ടണ്‍: പതിമൂന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപികയ്ക്ക് 20 വര്‍ഷം തടവുശിക്ഷ വിധിച്ച് യു എസ് കോടതി. അരിസോണയിലെ ഗുഡ്ഡിയര്‍ സ്വദേശി ബ്രിട്ട്നി സമോറയ്ക്കാണ് കോടതി തടവുശിക്ഷ വിധിച്ചത്. ആറാം ക്ലാസ് വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചതിന്  മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണ് ലാസ് ബ്രിസാസ് അക്കാദമിയിലെ അധ്യാപികയായ ബ്രിട്ട്നി സമോറ അറസ്റ്റിലായത്.

പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് അശ്ലീല സന്ദേശമയയ്ക്കുക, ക്ലാസ്മുറിയില്‍ മറ്റൊരു വിദ്യാര്‍ത്ഥി നോക്കിനില്‍ക്കുമ്പോള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുക എന്നിവയായിരുന്നു അധ്യാപികയ്‍ക്കെതിരെയുള്ള പരാതി. വിദ്യാര്‍ത്ഥിയുടെ മൊബൈല്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്ത സെന്‍ട്രി പേരന്‍റല്‍ കണ്‍ട്രോള്‍ എന്ന ആപ് വഴിയാണ് അധ്യാപികയുടെ പ്രവൃത്തി മാതാപിതാക്കള്‍ അറിയുന്നത്.

സാമൂഹ്യ മാധ്യമങ്ങളില്‍ നിന്നുള്‍പ്പെടെ കുട്ടികളുടെ ഫോണിലേക്ക് ലഭിക്കുന്ന സംശയാസ്പദമായ മെസ്സേജുകള്‍, വീഡിയോകള്‍, ചിത്രങ്ങള്‍ എന്നിവയെപ്പറ്റി മാതാപിതാക്കള്‍ക്ക് അറിയിപ്പ് നല്‍കുന്ന ആപ്പാണിത്. ആപ്പിലൂടെ അറിയിപ്പ് ലഭിച്ച മാതാപിതാക്കള്‍ കുട്ടിയെ ചോദ്യം ചെയ്തപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. 

ബ്രിട്ട്നി ഒരിക്കല്‍ സ്കൂളില്‍ നിന്നും അവധിയെടുത്തപ്പോള്‍ പഠനസംബന്ധമായ സംശയങ്ങള്‍ ചോദിക്കാനായി ക്ലാസ് ക്രാഫ്റ്റ് എന്ന ആപ് അധ്യാപിക വിദ്യാര്‍ത്ഥിക്ക് നല്‍കി. ഈ ആപ് വഴിയാണ്  ബ്രിട്ട്നി കുട്ടിക്ക് സന്ദേശം കൈമാറിയത്. പിന്നീട് സോഷ്യല്‍ മീഡിയ വഴിയും അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ചതായി മാതാപിതാക്കള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞു. 

ഇതിന് മുമ്പും അധ്യാപികയുടെ പെരുമാറ്റത്തതില്‍ അസ്വാഭാവികതയുള്ളതായി കുട്ടികള്‍ അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും തെളിവുകള്‍ ഇല്ലാത്തതിനാല്‍ നടപടിയെടുക്കാനായില്ലെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിക്കുന്നത് അറിഞ്ഞിട്ടും പൊലീസില്‍ അറിയിക്കാതിരുന്ന ബ്രിട്ട്നിയുടെ ഭര്‍ത്താവിനെതിരെയും കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയിട്ടുണ്ട്.