Asianet News MalayalamAsianet News Malayalam

ഒന്നാം സമ്മാനത്തിന്‍റെ ഭാഗ്യക്കുറി, തട്ടിയെടുക്കാൻ മാസ്റ്റർപ്ലാൻ; സംഘം എത്തിയത് ബാങ്ക് ജീവനക്കാരായി, പ​ക്ഷേ!

കള്ളപ്പണം വെളുപ്പിക്കുന്നതിനെന്ന് പറഞ്ഞാണ് സംഘം ഭാഗ്യക്കുറി സമ്മാനാർഹരെ സമീപിക്കുന്നതും തട്ടിപ്പ് നടത്തുന്നതും. ഈ രീതിയിൽ തട്ടിപ്പ് നടത്തുന്നതാണ് ഇത്തരം സംഘത്തിന്റെ പതിവെന്ന്  മഞ്ചേരി പൊലീസ് വ്യക്തമാക്കുന്നു

team arrested for lottery theft impersonate as bank employees
Author
First Published Sep 19, 2022, 4:38 AM IST

മഞ്ചേരി: മഞ്ചേരിയിൽ ഒന്നാം സമ്മാനം കിട്ടിയ കേരള ഭാഗ്യക്കുറിയുടെ ലോട്ടറി ടിക്കറ്റ് തട്ടിയെടുത്ത കേസിൽ സംഘം സമ്മാനത്തിന് അര്‍ഹനായ ആളെ സമീപിപ്പിച്ചത് സ്വകാര്യ ബാങ്ക് ജീവനക്കാരെന്ന പേരിലെന്ന് പൊലീസ്. സംഭവത്തില്‍ എട്ട് പേരാണ് അറസ്റ്റിലായിട്ടുള്ളത്. മഞ്ചേരി പാപ്പിനിപ്പാറ സ്വദേശി അലവിയുടെ  പരാതിയിലാണ്  മഞ്ചേരി പൊലീസിന്‍റെ നടപടി. അലനല്ലൂർ തിരുവിഴാംകുന്ന്  മൂജിബ്, പുൽപറ്റ കുന്നിക്കൽ പ്രഭാകരൻ, ശ്രീകൃഷ്ണപുരം സ്വദേശികളായ കല്ലുരിക്കൽ അബ്ദുൽ അസീസ്,  അബ്ദുൽ ഗഫൂർ,   കൊങ്ങശ്ശേരി വീട്ടിൽ അജിത് കുമാർ , കലസിയിൽ വീട്ടിൽ പ്രിൻസ്,  ചോലക്കുന്ന് വീട്ടിൽ ശ്രീക്കുട്ടൻ, പാലക്കാട് കരിമ്പുഴ സ്വദേശി മുബഷിർ എന്നിവരാണ് അറസ്റ്റിലായത്.

ഓഗസ്റ്റ് 19ന് ഫലം വന്ന കേരള ഭാഗ്യക്കുറിയുടെ നിര്‍മല്‍ ടിക്കറ്റിന്‍റെ ഒന്നാം സമ്മാനം അടിച്ചത് അലവി എന്നയാള്‍ക്കാണ്. അലവിക്ക് സമ്മാനം അടിച്ചത് അറിഞ്ഞതോടെ ഒരു സംഘം കൂടുതൽ പണം നൽകാമെന്ന് പറഞ്ഞ് സ്വകാര്യ ബാങ്ക് ജീവനക്കാരെന്ന വ്യാജേനെ അലവിയെ സമീപിക്കുകയായിരുന്നു. ടിക്കറ്റുമായി ഈ സംഘം കച്ചേരിപ്പടിയിലെത്താനാണ് ആവശ്യപ്പെട്ടു. ഇത് വിശ്വസിച്ച് അലവിയുടെ മകനും സുഹൃത്തുമാണ് കച്ചേരിപ്പിടിയിലേക്ക് പോയത്.  രണ്ടു കാറിലും ഒരു ബൈക്കിലുമായി വന്ന പ്രതികൾ ടിക്കറ്റ് സ്കാൻ  ചെയ്യാനാണെന്ന പറഞ്ഞ് ഇരുവരേയും  വാഹനത്തിന് അകത്തേക്ക് കയറ്റുകയും  മാരകമായി പരിക്കേൽപ്പിക്കുകയുമായിരുന്നു.

ഇതിന് ശേഷം സമ്മാനർഹമായ ടിക്കറ്റുമായി കടന്ന് കളഞ്ഞു. സംഭവം നടന്ന പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചായിരുന്നു ആദ്യ ഘട്ട അന്വേഷണം. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഘത്തെ കുറിച്ച് വിവരം ലഭിക്കുന്നത്. പിന്നാലെ പ്രതികള്‍ പൊലീസിന്‍റെ പിടിയിലാവുകയും ചെയ്തു.

കള്ളപ്പണം വെളുപ്പിക്കുന്നതിനെന്ന് പറഞ്ഞാണ് സംഘം ഭാഗ്യക്കുറി സമ്മാനാർഹരെ സമീപിക്കുന്നതും തട്ടിപ്പ് നടത്തുന്നതും. ഈ രീതിയിൽ തട്ടിപ്പ് നടത്തുന്നതാണ് ഇത്തരം സംഘത്തിന്റെ പതിവെന്ന്  മഞ്ചേരി പൊലീസ് വ്യക്തമാക്കുന്നു. ഇതേസംഘം മുമ്പും സമാന തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. 

Follow Us:
Download App:
  • android
  • ios